21 May, 2022 09:56:23 PM


കുണ്ടറ ബോംബ് സ്ഫോടനം: ഇഎംസിസി ഡയറക്ടർ ഉൾപ്പെടെ നാല് പേർ പ്രതികൾ



കൊല്ലം: കുണ്ടറ ബോംബ് സ്ഫോടന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് ഉൾപ്പെടെ നാലു പേർ കേസിൽ പ്രതികളാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥി മേഴ്സികുട്ടിയമ്മയെ പരാജയപ്പെടുത്താനായിരുന്നു ഗൂഢാലോചന. തീകൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന് വരുത്തി തീർക്കാൻ മുഖ്യപ്രതി ഷിജു വർഗീസ്  ആസൂത്രണം ചെയ്ത  നാടകമാണ് ബോംബേറെന്ന്  കുറ്റപത്രത്തിൽ പറയുന്നു.

ഇഎംസിസി  ഡയറക്ടറു൦ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയുമായിരുന്ന ഷിജു വർഗീസ് കേസിൽ നാലാം പ്രതിയാണ്. സോളാർ കേസ് പ്രതി സരിതയുടെ സഹായി ആയിരുന്ന വിനു കുമാർ, കൃഷ്ണകുമാർ, ശ്രീകാന്ത് എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികൾ.  ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ വർഷം ഏപ്രിൽ 6 ന് പുലർച്ചെ കുണ്ടറയ്ക്കു സമീപമായിരുന്നു ബോംബേറ് നാടകം.  ഷിജു എം വർഗീസ് മറ്റ് പ്രതികളുമായി ചേർന്ന് കാറിന് തീകൊളുത്തി കുറ്റം ഇടതു സ്ഥാനാർത്ഥി മേഴ്സികുട്ടിയമ്മയിൽ ചാർത്താനുള്ള നാടകം ആസൂത്രണം ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആഴക്കടൽ ട്രോളിംഗ് വിവാദത്തിനു പിന്നാലെ ഷിജു എം വർഗീസിന് മേഴ്സികുട്ടിയമ്മയോട്  ഉണ്ടായ വൈരാഗ്യമാണ് ഇത്തരമൊരു ഗൂഢാലോചനയ്ക്കു പിന്നിലെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

സ്വന്തം കാര്‍ ബോംബെറിഞ്ഞ് തകര്‍ത്ത് ഡ്രൈവറെ കൊലപ്പെടുത്തുകയും അതുവഴി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ജനവികാരം ഇളക്കിവിടുകയുമായിരുന്നു ഷിജു എം വര്‍ഗീസിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു. മേഴ്സികുട്ടിയമ്മയെ തെരഞ്ഞെടുപ്പിൽ  തോൽപ്പിക്കുകയായിരുന്നു നാടകത്തിലൂടെ പ്രതികൾ ലക്ഷ്യം വെച്ചത്. 40 പേജുള്ള കുറ്റപത്രത്തിൽ 66 തൊണ്ടി മുതലുകളും 54 സാക്ഷികളും ഉൾപ്പെടുന്നു. നരഹത്യ ശ്രമം,  ലഹള നടത്താനുള്ള ഗൂഢാലോചന, മരണഭയം സൃഷ്ടിക്കൽ കുറ്റങ്ങൾക്ക് എതിരെയുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K