12 May, 2022 01:45:36 PM
'കഴുത്തിൽ പിടിച്ച് തള്ളി, അസഭ്യം പറഞ്ഞു'; പോലീസിനെതിരെ മാധ്യമപ്രവർത്തകന്‍റെ പരാതി
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് തനിക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമ പ്രവര്‍ത്തകന്‍. വര്‍ത്തമാനം പത്രത്തിന്‍റെ എഡിറ്റര്‍ വി.കെ അസഫലിയാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 10 മണിയോടെ കോഴിക്കോടേക്കുള്ള യാത്രയ്ക്കായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളായിരുന്നു സംഭവം.
ട്രെയിൻ കയറാൻ ധൃതിയിൽ ലഗേജുകളുമായി പോയ അസഫലിയെ വിശാഖ് വി.ജി എന്ന പോലീസുകാരന്‍ അകാരണമായി തടഞ്ഞുനിര്‍ത്തി അപമര്യാദയിൽ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. മറ്റു യാത്രക്കാരൊക്കെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോൾ തന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ 'എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട് ഇവിടെ നിൽക്കുന്നതെന്ന്' പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചതായി അസഫലി പരാതിയില്‍ പറയുന്നു.
ശേഷം തന്നെ ബലമായി റെെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി. ഫോണിൽ വിളിച്ചു പറഞ്ഞത് പ്രകാരം സ്റ്റേഷൻ കവാടത്തിൽ രഞ്ജു ആർ.എസ് എന്ന സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നാലോളം പോലീസുകാർ തന്നെ കൊണ്ടുവരുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് പുറത്ത് വെച്ച് തന്നെ രഞ്ജു ആർ എസ് എന്ന സബ് ഇൻസ്‌പെക്ടർ തന്‍റെ കോളറിൽ കയറിപ്പിടിച്ച് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിച്ചു. ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്പെക്റ്ററും കേട്ടാലറയ്ക്കുന്ന അസഭ്യവർഷം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചു കൈ പിടിച്ച് ഞെരിച്ച് ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. താന്‍ മാധ്യമ പ്രവർത്തകനാണെന്ന ഐഡി ബാഗിൽ നിന്ന് ലഭിച്ചപ്പോൾ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി അസഭ്യം. കേരളാ ഗവൺമെൻറ് നൽകിയ ഐഡിയാണെന്നും ഈ കാണിക്കുന്ന അതിക്രമത്തിന് താന്‍ പരാതിപ്പെടുമെന്നും പറഞ്ഞപ്പോൾ പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് വധഭീഷണി മുഴക്കിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു.
ട്രെയിൻ മിസ്സാവുമെന്ന് പറഞ്ഞപ്പോൾ താൻ ബോംബ് വെക്കാൻ പോകുന്നയാളാണോ എന്നൊക്കെ പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നു നോക്കി. എന്‍ട്രി ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്പിൽ ഇരുന്ന ഉദ്യോഗസ്ഥനോട് രഞ്ജു ആർ.എസ് എന്ന സബ് ഇസ്പെക്ടർ ആക്രോശിക്കുന്നുണ്ടായിരുന്നെന്നും അസഫലി പറഞ്ഞു. പോലീസ് അതിക്രമത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അസഫലി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ വെച്ച് തന്നെ അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്ത സബ് ഇൻസ്പെക്ടർ രഞ്ജു, വിശാഖ് വി.ജി എന്നീ പോലീസുകാർക്കും അവരോടൊപ്പമുണ്ടായിരുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് അസഫലി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.