12 April, 2022 09:12:26 PM
പൊലീസിനെ വെട്ടിച്ചു കടന്ന ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു: പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ കേസ്
കൊല്ലം: ചിതറയില്‍ പൊലീസിനെ വെട്ടിച്ചു കടന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ കേസ്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ഇന്നലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് അപകടമുണ്ടാക്കിയത്.
ബൈക്കിലുണ്ടായിരുന്ന ചാണപ്പാറ സ്വദേശിയായ ശിവന്‍ എന്ന എഴുപത്തിരണ്ടുകാരനും പ്ലസ് ടു വിദ്യാര്‍ഥികളിലൊരാളായ ബാസിതിനും അപകടത്തില്‍ പരുക്കേറ്റു.
കാഞ്ഞിരത്തുംമൂട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും അമിത വേഗതയിൽ വാഹനമോടിച്ചതിനുമാണ് കേസ്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ചിതറ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ വഴി ഹെല്‍മറ്റ് ധരിക്കാതെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ബൈക്കോടിച്ചെത്തുകയായിരുന്നു. അമിതവേഗത്തില്‍ പൊലീസിനെ മറികടക്കാനുളള ശ്രമത്തിനിടെ ഇവരുടെ ബൈക്ക് കടയ്ക്കല്‍ ഭാഗത്തു നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു.
പരുക്കേറ്റ ശിവന്‍റെയും, ബാസിതിന്‍റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ലൈസന്‍സ് ലഭിക്കാനുളള പ്രായമായിട്ടില്ലെന്നാണ് പൊലീസ് അനുമാനം. ഇതേ കുറിച്ച് വ്യക്തത വരുത്തിയ ശേഷം ബൈക്കിന്‍റെ ആര്‍സി ഉടമയ്ക്കെതിരെയും കേസെടുക്കും. വാഹന പരിശോധന നടത്തുമ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ വിദ്യാര്‍ഥികള്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നത് പതിവു സംഭവമാണെന്ന് പൊലീസ് പറയുന്നു.