11 April, 2022 05:48:40 PM
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ആദ്യമായി മഹാരുദ്ര യജ്ഞം ഏപ്രിൽ 16 മുതൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ആദ്യമായി മഹാരുദ്ര യജ്ഞം ഏപ്രിൽ 16 മുതൽ 26 വരെ നടക്കും. ക്ഷേത്രത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് 11 ദിവസം നീണ്ടുനിൽക്കുന്ന ഇത്തരമൊരു യജ്ഞം നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ഗുരുവായൂർ കിഴക്കേടം രാമൻ നമ്പൂതിരി യജ്ഞത്തിന് നേതൃത്വം വഹിക്കും.
11 വെള്ളി കുടങ്ങളിൽ ഇതിൽ 11 വിശേഷ ദ്രവ്യങ്ങൾ നിറച്ച് 11 ദേവജ്ഞർ 11 ഉരു വീതം ശ്രീ രുദ്ര മന്ത്രം ജപിച്ചു ചൈതന്യവത്തായ ദ്രവ്യങ്ങൾ മഹാദേവന് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യുന്നു. ഇങ്ങനെ 11 ദിവസം തുടർച്ചയായി ചെയ്യുന്ന ചടങ്ങാണ് മഹാരുദ്രയജ്ഞം. അവസാന ദിവസമായ 26 -ന് വാസോർധാരയോടു കൂടി യജ്ഞം അവസാനിക്കും.
യജ്ഞശാലായിൽ എല്ലാ ദിവസവും കലശപൂജ, ശ്രീരുദ്ര ജപം, ശ്രീരുദ്ര ഹോമം എന്നിവയുണ്ട്. 16ന് തന്ത്രി കണ്ഠര് രാജീവര് യജ്ഞത്തിന് ആരംഭം കുറിച്ച് ഭദ്രദീപം തെളിയിക്കും. പ്രസിഡന്‍റ് അഡ്വ.ആർ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട സ്വദേശി കെ.ജി.അനില്‍കുമാര്‍ എന്ന ഭക്തനാണ് വഴിപാടായി ചടങ്ങ് നടത്തുന്നത്. ഈ "ഭക്തന്‍റെ പൂര്‍ണ്ണചെലവിലും ഉത്തരവാദിത്വത്തിലും ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും യജ്ഞം നടത്താനാണ്" തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അനുമതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഇതിന് ഘടകവിരുദ്ധമായി ക്ഷേത്ര ഉപദേശക സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ എന്ന് ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചത് ബോര്‍ഡിന്‍റെ ഉത്തരവിനെതിരാണെന്നും ഇത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം.തങ്കപ്പന്‍ പറഞ്ഞു. പരിപാടിയുടെ നോട്ടീസിലെ ക്ഷണക്കത്തിലും ഉപദേശകസമിതി സെക്രട്ടറിയുടെയും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും പേരുകളാണ് ചേര്‍ത്തിട്ടുള്ളത്.
അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനികളുടെ കൂട്ടത്തില്‍ നാട്ടുകാരനായ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം.തങ്കപ്പനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്ഷേത്ര ഉപദേശക സമിതി നടത്തിയ പത്രസമ്മേളനത്തില്‍ ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.ആർ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കുമെന്നും മെമ്പർ അഡ്വ.മനോജ് ചരളേൽ അധ്യക്ഷത വഹിക്കുമെന്നാണ് അറിയിച്ചത്. തങ്കപ്പനെ മാറ്റിനിര്‍ത്തിയത് ഇതിനിടെ വിവാദമായി.
തന്നെ മാറ്റിനിര്‍ത്തിയത് ചിലരുടെ താത്പര്യമാവാമെന്നും അതില്‍ പരിഭവം ഇല്ലെന്നും പ്രതികരിച്ച തങ്കപ്പന്‍ ഭഗവദ്സന്നിധിയിലെ പരിപാടി നന്നായി നടന്നാല്‍ മതിയെന്നും വ്യക്തമാക്കി. ഇതോടെ അഡ്വ.മനോജിനെ മാറ്റി പകരം തങ്കപ്പനെ അദ്ധ്യക്ഷസ്ഥാനത്തു ചേര്‍ത്ത് പുതിയ നോട്ടീസ് തയ്യാറാക്കി. അഡ്വ മനോജിന്‍റെ പേര് അനുഗ്രഹപ്രഭാഷണത്തിനായി മാറ്റി. നോട്ടീസിന്‍റെ പിഡിഎഫ് രൂപം മെമ്പര്‍ തങ്കപ്പന് അയച്ചുനല്‍കി ദേവസ്വം ഉദ്യോഗസ്ഥര്‍ തടിയൂരിയിരിക്കുകയാണിപ്പോള്‍.