11 April, 2022 03:39:38 PM
ലോറിക്കടിയിൽ ഒന്നര മണിക്കൂർ; മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ക്ലീനർ മരിച്ചു
കൊല്ലം: ചാത്തന്നൂർ മീനാട് ചന്തമുക്കിന് സമീപം മെറ്റൽ ചിപ്സ് കയറ്റി വന്ന ടോറസ് ലോറി മറിഞ്ഞ് ലോറിയിലെ ക്ലീനർ തമിഴ് നാട് കളിയിക്കാവിള കൊല്ലങ്കോട് സ്വദേശി വിജിൻ (35) മരിച്ചു. ലോറിയുടെ ഡ്രൈവർ മാർത്താണ്ഡം ഇലവിള സ്വദേശി എഡ്വിൻ ജോസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മണിക്കൂറോളം ലോറിയ്ക്കടിയിൽപ്പെട്ടു കിടന്ന വിജിനെ ഒടുവിൽ മണ്ണ് മാന്തി യന്ത്രവും ക്രയിനും ഉപയോഗിച്ച് നീക്കിയ ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
ഇന്നു പുലർച്ചേ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. മാർത്താണ്ഡത്തിനടുത്ത് ഊരമ്പ് എന്ന സ്ഥലത്തുനിന്നും മെറ്റൽ ചിപ്സും കയറ്റി വന്നതായിരുന്നു ലോറി. മീനാട് കിഴക്കുള്ള സിമന്റ് കട്ട കമ്പനിയിലേക്കായിരുന്നു മെറ്റൽ. കമ്പനിയിലെത്തി മെറ്റൽ ഇറക്കാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. ഡ്രൈവർ കാബിനിലിരുന്നു ലോറിയുടെ ബോഡി ഉയർത്തി മെറ്റൽ താഴേയ്ക്കിടാൻ ശ്രമിക്കുമ്പോൾ ലോറി മറിയുകയായിരുന്നു.
ക്ലീനർ വിജിനും കന്പനി ഉടമ സുരേഷും ലോറിയുടെ വശത്തു നില്ക്കുകയായിരുന്നു. ലോറി മറിയുന്നതു കണ്ട് ഇരുവരും ഓടി മാറാൻ ശ്രമിച്ചു. ഓടാൻ ശ്രമിക്കുന്നതിനിടയിൽ വിജിൻ തട്ടി വിഴുകയും ലോറി വിജിന്റെ മുകളിലൂടെ മറിയുകയുമായിരുന്നു. ലോറിയ്ക്കടിയിൽപ്പെട്ട വിജിനെ മണിക്കൂറുകളുടെ ശ്രമഫലമായാണ് പുറത്തെടുത്തത്. ക്രെയിൻ എത്തിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ആദ്യം അതു വിജയിച്ചില്ല. പിന്നെ ലോറിയ്ക്കടിയിലെ മണ്ണ് മാന്തി നീക്കിയശേഷമാണ് വിജിനെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ലോറി മറിയുമ്പോൾ കാബിനുള്ളിലായിരുന്ന ഡ്രൈവർ എഡ്വിൻ ജോസിനും ഗുരുതരമായ പരിക്കുകളുണ്ട്. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പോലീസും പരവൂരിൽ നിന്നു അഗ്നി രക്ഷാ സേനയും എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ചരിഞ്ഞ പ്രതലത്തിൽ ലോറി നിർത്തിയതാണ് അപകട കാരണമെന്നു കരുതുന്നു. ലോറിയിൽ 800 ക്യുബിക് അടി മെറ്റൽ ഉണ്ടായിരുന്നു. മൂന്ന് ക്രെയിനുകൾ എത്തിച്ചു മറിഞ്ഞ ലോറി ഉയർത്തിയിട്ടുണ്ട്.