02 April, 2022 10:08:48 AM
സിഐയെ സംരക്ഷിക്കാൻ തെറ്റായ റിപ്പോർട്ട്; കൊല്ലം റൂറൽ എസ്പിക്കെതിരെ അന്വേഷണം
കൊല്ലം: പരാതിക്കാരനെ മർദിച്ച പോലീസുകാരനെ സംരക്ഷിക്കാൻ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ്പി വിവാദത്തിൽ. തെന്മലയിലാണ് സംഭവം. സിഐയെ സംരക്ഷിക്കാനാണ് തെറ്റായ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പരാതി നൽകാനെത്തിയ തെന്മല സ്വദേശി രാജിവിനെ സിഐ വിശ്വംഭരൻ മർദിച്ചത്. തുടർന്ന് സ്റ്റേഷന് പുറത്ത് കെട്ടിയിടുകയും ചെയ്തു.
കേസിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് വിശ്വംഭരനെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിഐയുടെയും എസ്ഐ ശാലുവിന്റെയും ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ഡിസിആർബി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ട് പൂഴ്ത്തിയ റൂറൽ എസ്പി, പരാതിക്കാരൻ പോലീസുകാരെ മർദിച്ചെന്ന രീതിയിലാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ടിൽ തിരിമറി നടന്നതായി മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. ഇതേതുടർന്നാണ് റൂറൽ എസ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് അന്വേഷണം തുടങ്ങിയത്.