27 March, 2022 01:09:47 PM
പിഞ്ചുകുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്ത്: നാല് പേര്‍ കൊല്ലത്ത് പിടിയില്‍
കൊല്ലം: പിഞ്ച് കുഞ്ഞിനെ മറയാക്കി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം കൊല്ലത്ത് പിടിയില്‍. 25 കിലോ കഞ്ചാവുമായി ദമ്പതികള്‍ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ് വിശാഖപട്ടണത്ത് നിന്ന് പ്രതികള്‍ കാറില്‍ കഞ്ചാവ് കടത്തിയത്. വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കാണ് കാറിൽ ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നത്. കാറിനുള്ളിൽ ഉണ്ടായിരുന്ന ചിറയന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, പെരിനാട് സ്വദേശി അഭയ് സാബു എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയായിരുന്നു കഞ്ചാവ് കടത്ത്. ദേശീയപാതയിൽ നീണ്ടകരയിലെ പെട്രോൾ പമ്പിൽ വച്ച് പുലർച്ചെയാണ് കാർ പൊലീസ് തടഞ്ഞത്. കാറിനുള്ളിൽ വാതിലിന്റെ വശങ്ങളിലായിരുന്നു കഞ്ചാവ് പൊതികൾ സൂക്ഷിച്ചത്. 20 പൊതികളിലായി 25 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്ത്രീയും കുഞ്ഞും ഉള്ളതിനാൽ പുറമെ നിന്ന് നോക്കിയാൽ സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു.
തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്നുവെന്നാണ് പോലീസിന്റെ ആദ്യ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. കൊല്ലം ശാസ്ത്രീ ജംഗ്ഷനിൽ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് വേണ്ടിയാണ് ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സാമ്പത്തിക സ്ഥിതിയും മറ്റും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ചവറ പൊലീസിന് പുറമേ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് സ്ക്വാഡും കഞ്ചാവ് കടത്ത് പിടികൂടാൻ ഉണ്ടായിരുന്നു.