11 March, 2022 12:03:51 PM
ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിച്ച സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍

കൊല്ലം: ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് തടഞ്ഞ സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് (26) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പേരൂരില്‍ ഉത്സവത്തിനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച അക്രമികളെ യുവതിയുടെ സഹോദരന്‍ സംഭവം ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിച്ചു. 
യുവതിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന മാതാവിന്‍റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദിച്ചതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ പി അനീഷ്, സ്വാതി, മധു, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഒളിവില്‍ നിന്ന് പിടികൂടിയത്.
                    
                                
                                        



