19 February, 2022 06:35:38 PM
രാജ്യപുരോഗതിയ്ക്ക് ആദ്ധ്യാത്മിക, ഭൗതിക ചിന്തകൾ അനിവാര്യം - സ്വാമി ഗൗതമാനന്ദജി മഹാരാജ്
കൊച്ചി: ആദ്ധ്യാത്മിക - ഭൗതിക ചിന്താധാരകൾ ഒരു രാജ്യത്തിന്‍റെ പുരോഗതിയ്ക്ക് അനിവാര്യമാണെന്ന് ശ്രീരാമകൃഷ്ണ മിഷൻ ആഗോള ഉപാധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ്. ശ്രീരാമകൃഷ്ണ, വിവേകാനന്ദ ദർശനങ്ങൾ മനനം ചെയ്യുന്നതിലൂടെ മതതത്വങ്ങൾ തിരിച്ചറിയാം. മതം എന്നത് ഈശ്വര സാക്ഷാത്കാരവുമാണ്. ഭാരതത്തിന്റെ അദ്ധ്യാത്മിക ശക്തി ലോകനന്മയ്ക്കായി കരുതിവെച്ച അമൂല്യ സമ്പത്താണ്. സംസ്ക്കാരത്തെ തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസരീതിയും, ദർശനവും, അതിന്റെ ആചരണവും മനുഷ്യനെ മഹനീയനാക്കുന്നു എന്നും സ്വീകരണ ചടങ്ങിൽ സ്വാമികൾ കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ 10ന് വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ എത്തിച്ചേർന്ന സ്വാമികളെ മഠാധിപതി സ്വാമി ഭുവനാത്മാനന്ദ മഹാരാജിന്റെ നേതൃത്വത്തിൽ വേദമന്ത്രങ്ങൾ ചൊല്ലി പുഷ്പഹാരം അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ശ്രീരാമകൃഷ്ണ, ശാരദാദേവി, പ്രതിഷ്ഠാ പീഡങ്ങളിൽ ആരതിയും, പുഷ്പാർച്ചനയും നടത്തി. വിവിധ സന്യാസി ശ്രേഷ്ഠൻമാരായ സ്വാമി നന്ദാത്മജാനന്ദ മഹാരാജ്, സ്വാമി ശ്രീവിദ്യാനന്ദ മഹാരാജ്, സ്വാമി ഹരി രൂപാനന്ദ മഹാരാജ്, സ്വാമി സുതീർത്ഥാനന്ദ മഹാരാജ്, സ്വാമി ശിവകാനന്ദ മഹാരാജ് എന്നിവരും, തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി.ജി. രാജഗോപാൽ, സേവക് കെ. കേശവദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഞായറാഴ്ച്ച രാവിലെ 6 മുതൽ 12 വരെ നടക്കുന്ന അദ്ധ്യാത്മിക ചടങ്ങിൽ 50 ഓളം ഭക്തൻമാർക്ക് ഗൗതമാനന്ദജി മഹാരാജ് സ്വാമികൾ മന്ത്രദീക്ഷ നൽകും. വൈകിട്ട് സത്‌സംഗം നടക്കും. തിങ്കളാഴ്ച്ച ഉച്ചയോടെ സ്വാമികൾ മൈസൂരിലേയ്ക്ക് പ്രവാസം ചെയ്യും.