26 January, 2022 09:52:06 PM


സ്റ്റാലിന്‍റെ പേരില്‍ ആനയെഴുന്നള്ളിപ്പ്: മന്ത്രി പങ്കെടുക്കുമെന്ന വാര്‍ത്ത വ്യാജം - ഡിഎംകെ



കൊല്ലം : ഗജമേളയുടെ സൗന്ദര്യത്താൽ രാജ്യശ്രദ്ധ നേടിയ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ ഇത്തവണ തമിഴ്നാട് ആരോഗ്യമന്ത്രി എം.എ.സുബ്രഹ്മണ്യന്‍ പങ്കെടുക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഡിഎംകെ കേരളഘടകം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ പേരിൽ നേർച്ച ആനയെ എഴുന്നള്ളിക്കുവാന്‍ ക്ഷേത്രത്തില്‍ പണമടച്ച് ബുക്ക് ചെയ്തത് നോട്ടീസിലുള്‍പ്പെടുത്തുകയും പിന്നാലെ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ അറിയിപ്പുണ്ടായത്. 

ഇഷ്ടകാര്യത്തിനു വേണ്ടിയാണ് നരസിംഹമൂർത്തിക്ക് മുൻപിൽ ഭക്തർ ആനയെ എഴുന്നള്ളിക്കുന്നത്. ഈ മാസം 31 നാണ് ഉത്സവത്തിന്‍റെ ഭാഗമായുള്ള നേർച്ച ആന എഴുന്നള്ളത്ത് നടക്കുക. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സംഘമെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് അറിയിച്ച് നേര്‍ച്ച ആന എഴുന്നള്ളിപ്പ് ബുക്ക് ചെയ്തത്. ഇതിനുള്ള തുക ദേവസ്വം ഓഫീസിൽ അടച്ചു രസീതും വാങ്ങി.​ ആനയെ എഴുന്നള്ളിക്കുന്ന ദിവസം ആരോഗ്യമന്ത്രി ഉൾപ്പെടെ തമിഴ്നാട് സർക്കാരിന്‍റെ ഔദ്യോഗിക പ്രതിനിധികൾ എത്തുമെന്ന് സംഘം അറിയിച്ചതായി ക്ഷേത്രം പ്രസിഡന്‍റ് ഉള്‍പ്പെടെ മാധ്യമങ്ങളോട് പറയുകയും ചെയ്തു.


ഉത്സവത്തിനായി ആനയടി ദേവസ്വം പുറത്തിറക്കിയ നോട്ടിസിൽ ഒൻപതാം ഉത്സവ ദിവസം ആനയെ എഴുന്നള്ളിക്കുന്ന ഭക്തരുടെ പട്ടികയിൽ ആറാമതായാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആരോഗ്യമന്ത്രി പങ്കെടുക്കുമെന്ന് നോട്ടീസില്‍ പറയുന്നതും മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ഡിഎംകെയുടെ പേരില്‍ ഒരു കൂട്ടം ആളുകള്‍ കേരളത്തില്‍ നടത്തുന്ന വ്യാജപ്രചരണങ്ങളുടെ ഭാഗമാണെന്ന് പാര്‍ട്ടി കേരളഘടകം ഇന്‍ ചാര്‍ജ് പുതുക്കോട്ട കെ.ആര്‍.മുരുകേശന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയുടെയോ ആരോഗ്യമന്ത്രിയുടെയോ ഓഫീസില്‍ നിന്ന് ഇങ്ങനെയൊരു അറിയിപ്പ് ഉണ്ടായിട്ടില്ലെന്നും ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുരുകേശന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K