19 January, 2022 12:45:15 PM
സ്റ്റാലിന്റെ നേര്‍ച്ചയായി കൊല്ലം ആനയടി ക്ഷേത്രത്തില്‍ ആനയെ എഴുന്നെള്ളിക്കും
കൊല്ലം : ഗജമേളയുടെ സൗന്ദര്യത്താൽ രാജ്യശ്രദ്ധ നേടിയ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേരിൽ നേർച്ച ആനയെ എഴുന്നള്ളിക്കും. ഇഷ്ടകാര്യത്തിനു വേണ്ടിയാണ് നരസിംഹമൂർത്തിക്ക് മുൻപിൽ ഭക്തർ ആനയെ എഴുന്നള്ളിക്കുന്നത്. ഈ മാസം 31 നാണ് ഉത്സവത്തിന്റെ ഭാഗമായുള്ള നേർച്ച ആന എഴുന്നള്ളത്ത് നടക്കുക.
ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമെത്തി നേർച്ച ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങൾ അന്വേഷിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് അറിയിച്ചാണ് അന്ന് അവർ മടങ്ങിയത്. പിന്നീടെത്തി നേർച്ച ആനയെ എഴുന്നള്ളിക്കാനുള്ള തുക ദേവസ്വം ഓഫീസിൽ അടച്ചു ഇംഗ്ലീഷിലുള്ള രസീത് വാങ്ങി. ആനയെ എഴുന്നള്ളിക്കുന്ന ദിവസം ആരോഗ്യമന്ത്രി ഉൾപ്പെടെ തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾ എത്തുമെന്നാണ് സംഘം അറിയിച്ചത്.
ഉത്സവത്തിനായി ആനയടി ദേവസ്വം പുറത്തിറക്കിയ നോട്ടിസിൽ ഒൻപതാം ഉത്സവ ദിവസം ആനയെ എഴുന്നള്ളിക്കുന്ന ഭക്തരുടെ പട്ടികയിൽ ആറാമതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.