15 January, 2022 06:37:21 PM
അതിരമ്പുഴ തിരുനാൾ 19ന് കൊടിയേറും: ചന്തകുളത്തിൽ കൊടിമരം സ്ഥാപിച്ചു
കോട്ടയം : അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് 19ന് കൊടിയേറും. രാവിലെ ഏഴിന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ലിബിൻ തുണ്ടിയിൽ, ഫാ.ബിബിൻ കൊച്ചീത്ര, ഫാ.റ്റോണി നമ്പിശേരിക്കളം എന്നിവർ സഹകാർമികരാകും. വൈകുന്നേരം ആറിന് വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ആരംഭിക്കും.
20ന് രാവിലെ 9.30ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം. 20 മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും.
24ന് വൈകുന്നേരം 5.45ന് വലിയപള്ളിയിൽ നിന്ന് പ്രശസ്തമായ നഗരപ്രദക്ഷിണം ആരംഭിക്കും. 25ന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ റാസ അർപ്പിക്കും. വൈകുന്നേരം 5.30ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. അന്ന് വൈകുന്നേരം 5.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണം 7.30ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുസ്വരൂപം അത്താരയിൽ പുന:പ്രതിഷ്ഠിക്കു ന്നതോടെ തിരുനാളിന് കൊടിയിറങ്ങും.
കൈക്കാരന്മാരായ ടോമി ചക്കാലയ്ക്കൽ, മാത്യു തേക്കു നിൽക്കുംപറമ്പിൽ, ജോണി പണ്ടാരക്കളം, റോബിൻ ആലഞ്ചേരിമാനാട്ട്, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് തുടങ്ങിയവർ തിരുനാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ 100 അടിയോളം ഉയരമുളള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര പ്രവൃത്തികൾ ആരംഭിച്ചത്. ഇന്ന് രാവിലെ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു. അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ലിബിൻ തുണ്ടിയിൽ, ഫാ.ബിബിൻ കൊച്ചീത്ര, ഫാ.റ്റോണി നമ്പിശേരിക്കളം, കൺവീനർമാരായ ജോർജുകുട്ടി കുറ്റിയിൽ, പി. വി. മൈക്കിൾ, കൈക്കാരന്മാരായ ജോണി പണ്ടാരക്കളം, റ്റി.ജെ. മാത്യു തേക്കുനിൽക്കുംപറമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അതിരമ്പുഴ മാർക്കറ്റിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചന്തക്കടവിലെ അലങ്കാരങ്ങൾ പരമ്പരാഗതമായി നടക്കുന്നത്. മാർക്കറ്റ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള പ്രദക്ഷിണവീഥിയുടെ അലങ്കാരം വ്യാപാരികളും നടത്തും. എല്ലാവർഷവും ജനുവരി 15ന് ചന്തക്കുളത്തിൽ കൊടിമരം ഉയർത്തുന്നതോടെ ആരംഭിക്കുന്ന അലങ്കാരം 23ന് പൂർത്തിയാക്കും. അന്ന് രാത്രി ഏഴിന് വൈദ്യുത ദീപാലങ്കാരങ്ങൾ സ്വിച്ചോൺ ചെയ്യും.