02 January, 2022 12:50:23 PM
കൊല്ലത്ത് വസന്തനെ 'വെട്ടി' ചിന്തയും സബിതയും അയിഷയും സിപിഎം ജില്ലാ കമ്മിറ്റിയിൽ
കൊല്ലം: കൊല്ലത്ത് വിഭാഗീയതയിൽ സിപിഎം നടപടി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്തനെ ജില്ലാ കമ്മിറ്റിയിൽ തിരികെയെടുത്തില്ല. 12 പേരെ ഒഴിവാക്കിയും 16 പേരെ പുതുതായി ഉൾപ്പെടുത്തിയുമാണ് പുതിയ ജില്ലാ കമ്മറ്റി. ചിന്ത ജെറോമിനെയും മുൻ മേയർ സബിത ബീഗത്തിനെയും മുൻ എംഎൽഎ ആയിഷ പോറ്റിയെയും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇരവിപുരം എംഎല്‍എ എം നൗഷാദും ജില്ലാ കമ്മിറ്റിയിലുണ്ട്. എസ് സുദേവൻ സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും. സുദേവൻ തന്നെ തുടരാൻ നേതൃത്വത്തിൽ ധാരണയായി.
കരുനാഗപ്പള്ളിയിൽ വിഭാഗീയ പ്രവണത തുടരുന്നതിൽ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി ആർ വസന്തനെ ഒഴിവാക്കിത്. വസന്തനെ ജില്ലാ കമ്മിറ്റിയിൽ എടുക്കുന്നതിൽ സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പാണ് അറിയിച്ചത്. സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.