01 January, 2022 12:14:38 PM
പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഇടപെടണം - സിപിഎം സമ്മേളനം
കൊല്ലം: സിപിഎം സമ്മേളനത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്തെ പൊലീസ് പോരെന്നാണ് വിമർശനം. പ്രാദേശിക നേതാക്കൾക്ക് പൊലീസ് സ്റ്റേഷനുകളിൽ കയറാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ പാർട്ടി ഇടപെടണം എന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എംഎൽഎ ആയിട്ട് കൂടി തനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടെന്ന് മുൻ എം എൽ എ അയിഷ പോറ്റി പറഞ്ഞു.
സമ്മേളനത്തില്‍ ചൈനയുടെ നിലപാടുകളെ സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾ വിമർശിച്ചു. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല. ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്. ചൈനയുടെ ഉയർച്ച ഇന്ത്യയിലെ പാർട്ടി അഭിമാനമായി കാണേണ്ടതില്ലെന്നും സി പി എം ജില്ലാ സമ്മേളന പ്രതിനിധികൾ പറഞ്ഞു. സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തിലെ എസ് രാമചന്ദ്രൻ പിള്ള (എസ്ആർപി) യുടെ ചൈന അനുകൂല പ്രസ്താവനയിലാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്.
അതേസമയം, കൊല്ലത്തെ സി പി എം ജില്ലാ നേതാക്കളെ വിമർശിച്ച് എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. നേതാക്കൾ ' മസിലുപിടുത്തം' ഉപേക്ഷിക്കണം. ഇല്ലെങ്കിൽ കക്ഷത്തിലെ കട്ട ജനങ്ങൾ എടുത്ത് ദൂരെയെറിയും. തുടർ ഭരണത്തിൽ അഹങ്കാരം വേണ്ടെന്നും കൊല്ലം പ്രതിനിധി സമ്മേളനത്തിൽ എസ് ആർ പി പറഞ്ഞു.