28 December, 2021 12:44:31 PM
കൊല്ലത്ത് വാഹനാപകടം: നാല് മത്സ്യ തൊഴിലാളികൾ മരിച്ചു; 22 പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ചവറയിൽ വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബർക്കുമൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56), തമിഴ്നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ 12.30 ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപം തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് ബേപ്പൂർക്ക് മത്സ്യ തൊഴിലാളികളുമായി പോയ മിനിബസ്സിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാനിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാർത്താണ്ടം സ്വദേശി വർഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ബസ്സിൽ 32 പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസും അഗ്നിശമന സേനയും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.