26 December, 2021 10:19:27 AM
ചാവറപിതാവിന്‍റെ തിരുനാളിന് ഇന്ന് തുടക്കം; സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും
ഏറ്റുമാനൂര്‍: മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാളിന് ഇന്ന് തുടക്കം. ഉച്ചകഴിഞ്ഞ് പ്രസുദേന്തിസംഗമത്തിനുശേഷം 4.30ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടികയറും.
പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറണേവൂസ്, തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജയിംസ് അത്തിക്കളം, ഛാന്ദാ രൂപതാദ്ധ്യക്ഷന്‍ മാര്‍ എഫ്രേം നരിക്കുളം, വിജയപുരം രൂപതാ ചാന്‍സലര്‍ ഡോ. ജോസ് നവസ്, ഫാ.വര്‍ഗീസ് കേളംപറമ്പില്‍ (മൈസൂര്‍ പ്രൊവിന്‍ഷ്യല്‍), ഫാ.സാജു ചക്കാലയ്ക്കല്‍ (കോയമ്പത്തൂര്‍ പ്രൊവിന്‍ഷ്യല്‍), ഫാ.ജയിംസ് തയ്യില്‍ (രാജ്‌കോട്ട് പ്രൊവിന്‍ഷ്യല്‍), ഫാ ബെന്നി നല്‍ക്കര (പ്രൊവിന്‍ഷ്യല്‍, കൊച്ചി), തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ സെബാസ്റ്റ്യന്‍ ചാമത്തറ, കൗണ്‍സിലര്‍ ഫാ.സ്‌കറിയ എതിരേറ്റ്, കെ.ഈ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി, പ്രിയോര്‍ ജനറല്‍ ഫാ തോമസ് ചാത്തംപറമ്പില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും.
ജനുവരി ഒന്നിന് രാവിലെ 10ന് സന്യസ്തസംഗമം നടക്കും. 2ന് വൈകിട്ട് ആറ് മണിക്ക് ജപമാലപ്രദക്ഷിണത്തെ തുടര്‍ന്ന് കെ.ഈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗാനസന്ധ്യ ഉണ്ടാകും. തിരുനാള്‍ ദിനമായ രാവിലെ 10ന് ചാവറപിതാവിന്‍റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികആചരണത്തിന്‍റെ സമാപനസമ്മേളനത്തില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു വിശിഷ്ടാതിഥിയാകും. സെന്‍റ് എഫ്രേംസ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി.എന്‍.വാസവന്‍ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി പ്രസംഗിക്കും. തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ ആഘോഷമായ വിശുദ്ധകുര്‍ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. വൈകിട്ട് 6ന് തിരുനാള്‍ പ്രദക്ഷിണത്തെതുടര്‍ന്ന് കൊടിയിറക്കും.