21 June, 2016 12:40:59 AM
ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവുമായ മാസം
ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ശഅബാനിന്റെയുംശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.
റമദാൻ മാസത്തിലെ പ്രാർഥനകൾക്കും ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾ എല്ലാ സൽകമ്മങ്ങളും അധികരിപ്പിക്കുന്നു. പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. ഇതിനു പ്രാമാണികമായി തെളിവില്ല. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതൽ പ്രാബല്യം. അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത
ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്റെ താല്പര്യത്തിൽ പെട്ടതാണ്. റമദാനിൽ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമാണ്.മഗ്‌രിബ് ബാങ്കോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്. ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ.
ഇസ്ലാമികവിശ്വാസപ്രകാരം, ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുൽ ഖദ്‌ർ (അറബി: لیلة القدر) അഥവാ നിർണ്ണയത്തിന്റെ രാത്രി. റമളാൻ മാസത്തിലാണിത്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.