23 November, 2021 06:12:10 PM
നവീകരിച്ച മാന്നാനം ആശ്രമ ദേവാലയത്തിന്‍റെ പുനർകൂദാശ നടത്തി
മാന്നാനം: നവീകരിച്ച മാന്നാനം ആശ്രമ ദേവാലയത്തിൻ്റെ പുനർ കൂദാശ നടത്തി. ഇന്നലെ രാവിലെ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ മുഖ്യകാർമികത്വത്തിലാണ് പുനർ കൂദാശ കർമം നടന്നത്. സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ.ഡോ.തോമസ് ചാത്തംപറമ്പിൽ, അസിസ്റ്റൻ്റ് ജനറൽ ഫാ.ജോസി താമരശേരി, തിരുവനന്തപുരം പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ഫാ.സെബാസ്റ്റ്യൻ ചാ മത്തറ, കോയമ്പത്തൂർ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ഫാ.സാജു ചക്കാലയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.
സീറോ മലബാർ സഭയുടെ ആധുനിക ചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മാന്നാനത്താണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദേവാലയ പുനർ കൂദാശയ്ക്ക് ശേഷം നൽകിയ സന്ദേശത്തിൽ പറഞ്ഞു. സഭയുടെ പുനർജന്മമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, തൃശൂർ വികാരിയാത്തുകളുടെ രൂപീകരണത്തിനു ശേഷം കോട്ടയം വികാരിയാത്തിൻ്റെ വികാരി അപ്പസ്തോലിക്ക ആയി നിയമിതനായത് ബിഷപ് ചാൾസ് ലവീഞ്ഞ് ആണ്. ഫ്രാൻസിൽ നിന്നും എത്തിയ അദ്ദേഹത്തെ 1888 മെയ് ഒമ്പതിന് വൈക്കത്തുനിന്നും വേമ്പനാട് കായൽ വഴി അനേകം ബോട്ടുകളുടെയും വള്ളങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് കൊണ്ടുവന്ന് മാന്നാനത്ത് വൻ വരവേൽപ് നൽകി. അന്ന് മാന്നാനത്ത് നടന്ന മഹാസമ്മേളനത്തോടെ സീറോ മലബാർ സഭയുടെ ആധുനിക ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നുവെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു
പുനർ കൂദാശാ കർമത്തിനു ശേഷം പ്രിയോർ ജനറൽ റവ.ഡോ.തോമസ് ചാത്തംപറമ്പിലിൻ്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. വിശുദ്ധ ചാവറ പിതാവിൻ്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ഏഴാം വാർഷിക ദിനാചരണവും ഇതോടൊപ്പം നടന്നു. സിഎംഐ സഭയുടെ വിവിധ പ്രൊവിൻസുകളിലെ പ്രൊവിൻഷ്യൽമാ ർ, കൗൺസിലർമാർ, സിഎംസി സന്യാസസമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ ഗ്രെയ്സ് തെരേസ്, ജനറൽ കൗൺസിലർമാർ, വിവിധ സഭകളുടെ സുപ്പീരിയർമാർ, വൈദികർ, സന്യാസിനികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മാന്നാനം ആശ്രമം പ്രിയോർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ സ്വാഗതവും വൈസ് പ്രിയോർ ഫാ.തോമസ് കല്ലുകളം നന്ദിയും പറഞ്ഞു. ഫാ.ജയിംസ് മുല്ലശേരി, ഫാ.ആൻ്റണി കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പുനർകൂദാശാ കർമത്തിനു ശേഷം മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴികാടൻ എം പി, എം എൽ എമാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, മുൻ എംഎൽഎ പി.സി.ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല, ടോമി കല്ലാനി, ലിജിൻ ലാൽ, ജോസ് ടോം തുടങ്ങിയവർ വിശുദ്ധ ചാവറ പിതാവിൻ്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങുകൾക്കു ശേഷം നേർച്ചഭക്ഷണത്തിൽ പങ്കുചേർന്നാണ് വിശ്വാസികൾ മടങ്ങിയത്.