09 November, 2021 04:01:12 PM
കൊട്ടാരക്കരയിലെ കൊലപാതകങ്ങൾ: ഭക്ഷണത്തിൽ മയക്കുമരുന്നെന്നു സംശയം
കൊട്ടാരക്കര: അമ്മയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ട സംഭവത്തിലെ ദുരൂഹതകളഴിക്കാൻ പോലീസിന്റെ തീവ്രശ്രമം.ബന്ധുക്കളിൽനിന്നും പ്രദേശവാസികളിൽനിന്നും മൊഴി ശേഖരിച്ചു വരുന്ന പോലീസ് കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചുവരുന്നു. കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (56), ഭാര്യ അനിത (48), മക്കളായ ആദിത്യ രാജ് (24), അമൃതാ രാജ് (20) എന്നിവരാണ് ഇന്നലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.അനിതയും മക്കളും വെട്ടേറ്റു മരിച്ച നിലയിലും രാജേന്ദ്രൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
കൊലപാതകങ്ങൾക്കും ആത്മഹത്യക്കു മുള്ള കാരണങ്ങൾ ബന്ധുക്കൾക്കും നാട്ടുകാർക്കും അജ്ഞാതമാണ്. കടബാധ്യത മൂലം രാജേന്ദ്രൻ ഭാര്യയെയും മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കൂടുതൽ അന്വേഷണങ്ങളും ശാസ്ത്രീയ പരിശോധനകളും പോലീസ് നടത്തി വരുന്നത്.
വീടു നിർമാണത്തിനു സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയിൽ ആറു ലക്ഷത്തോളം രൂപ ഇനി അടക്കാനുണ്ട്. പണമിടപാടുകാരിൽനിന്നു കടം വാങ്ങിയാണ് ബാങ്ക് വായ്പയുടെ ഒരു ഭാഗം അടച്ചു തീർത്തത്. ഈ പണമിടപാടുകാർ രാജേന്ദ്രനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങളൊന്നും രാജേന്ദ്രൻ ആരുമായും പങ്കുവെച്ചിരുന്നില്ല. ഇതു മൂലം ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഈ വിഷയങ്ങൾ അറിയുകയുമില്ല. പത്തു വർഷം മുൻപ് വിദേശത്തു നിന്നും മടങ്ങിയെത്തിയ ശേഷമാണ് വീടുനിർമാണം തുടങ്ങിയത്. ഇതു വരെയും പൂർത്തീകരിച്ചിട്ടില്ല.
മകൻ ആദിത്യ രാജ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടു ലോണെടുത്തു ബാധ്യതകൾ തീർക്കാനുള്ള ശ്രമം നടന്നു വരവെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ആരോഗ്യവതിയായ ഭാര്യയെയും മുതിർന്നവരായ മക്കളെയും വെട്ടി കൊലപ്പെടുത്തിയിട്ടും അവരാരും പ്രതികരിച്ചിട്ടുള്ളതായോ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായോ കാണുന്നില്ല. നിലവിളി ശബ്ദം പോലും പുറത്തു വന്നിട്ടുമില്ല. ആഹാരത്തിൽ മയക്കുമരുന്നോ മറ്റു രാസവസ്തുക്കളോ കലർത്തി നൽകിയതിനു ശേഷമായിരിക്കാം ആസൂത്രിത കൊലപാതകങ്ങൾ നടത്തിയതെന്നും സംശയമുയരുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനും ശാസ്ത്രീയ തെളിവു ശേഖരണത്തിനും ശേഷം മാത്രമേ ഇത് വ്യക്തമാവുകയുള്ളു.
രാജേന്ദ്രൻ വർഷങ്ങൾക്ക് മുന്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഗൾഫിൽനിന്നു മടങ്ങിയെത്തിയ സമയത്തായിരുന്നു ഇത്. പ്രത്യേക ചികിത്സകളൊന്നും അന്നു നടത്തിയിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. കടബാധ്യതകളും ബന്ധപ്പെട്ടുള്ള മാനസിക പ്രശ്നങ്ങളുമായിരിക്കാം കടുംകൈയ്ക്കു രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ഇന്നു പോസ്റ്റുമോർട്ടം നടത്തി, ഉച്ചകഴിഞ്ഞു വീട്ടിലെത്തിച്ചു സംസ്കരിക്കും.