16 October, 2021 03:59:48 PM
ഡോക്ടറെ കൈയേറ്റം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
കൊല്ലം: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അറസ്റ്റിൽ. ഡോക്ടർ ഗണേഷിന്റെ പരാതിയിലാണ് നടപടി. കിണറ്റിൽ വീണു മരിച്ച ശൂരനാട് വടക്ക് സ്വദേശിനിയായ സരസമ്മ (85) യുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ളവർ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ഗണേഷിനെ കൈയേറ്റം ചെയ്തെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
സരസമ്മയുടെ മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. പുറത്ത് വാഹനത്തിലെത്തി മരണം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവർ ആവശ്യപ്പെട്ടപ്പോൾ അസ്വഭാവിക മരണമായതിനാൽ വയോധികയെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി മരണം സ്ഥിരീകരിക്കണമെന്ന് ഡോക്ടർ നിർദേശിച്ചതോടെയാണ് തർക്കമുണ്ടായത്.
പിന്നീട് കൂടുതൽ ആളുകൾ എത്തിയതോടെ ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. പരിക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടർ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഡോക്ടർക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ശ്രീകുമാർ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ശാസ്താംകോട്ട ടൗണിൽ പ്രകടനം നടത്തി. ആശുപത്രിയിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒപി ബഹിഷ്കരിച്ചതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ വലഞ്ഞിരുന്നു