16 October, 2021 10:08:16 AM
'ദശരഥന്റെ പുത്രൻ' രാമന് 500 രൂപ പെറ്റിയടിച്ച ഗ്രേഡ് എസ്ഐ അടക്കം പോലീസ് ഉദ്യോഗസ്ഥർ വെട്ടിലായി
കൊട്ടാരക്കര: 'ദശരഥന്റെ പുത്രൻ' രാമന് 500 രൂപ പെറ്റിയടിച്ച ചടയമംഗലം പോലീസ് വെട്ടിലായി. വാഹനപരിശോധനക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിടിയിലായ കാര്‍ യാത്രക്കാരനാണ് തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ കുരുക്കിലാക്കിയത്. കഴിഞ്ഞ 12നാണ് സംഭവം.
നിയമലംഘനത്തിന് പിഴയീടാക്കി രസീത് നല്‍കാന്‍ പേര് ചോദിച്ചപ്പോള്‍ പേര് രാമനെന്നും പിതാവിന്റെ പേര് ദശരഥന്‍ എന്നുമായിരുന്നു കാര്‍ ഡ്രൈവറുടെ മറുപടി. സ്ഥലം അയോധ്യയാണെന്നും പറഞ്ഞു. ഇതുപ്രകാരം സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് 'അയോധ്യയിലെ രാമന്' 500 രൂപയുടെ പിഴ ചുമത്തി പൊലീസ് രസീത് നല്‍കി. തുടര്‍ന്ന് ചടയമംഗലം പൊലീസിന്റെ സീല്‍ പതിച്ച രസീത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
യാത്രക്കാരനായ യുവാവ് പറഞ്ഞ മേല്‍വിലാസം രേഖപ്പെടുത്തി പിഴയീടാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസിനെ തെറ്റായ മേല്‍വിലാസം നല്‍കി കബളിപ്പിച്ചശേഷം ഇതിന്റെ ദൃശ്യം പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ പിഴയീടാക്കിയ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയടക്കം വെട്ടിലായി. കാട്ടാക്കട സ്വദേശിയുടേതാണ് കാര്‍ എങ്കിലും ഉടമ തന്നെയാണോ യാത്ര ചെയ്തതെന്ന് വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും ചടയമംഗലം പൊലീസ് പറഞ്ഞു.