13 October, 2021 03:27:51 PM
ഉത്രയ്ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ; തൃപ്തികരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
കൊല്ലം: ഉത്ര വധക്കേസിൽ നീതി കിട്ടിയിലെന്ന് ഉത്രയുടെ അമ്മ മണിമേഖല. കേസിലെ പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകൾ കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നും അവർ ആരോപിച്ചു. ഉത്രയ്ക്ക് നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.
അതേസമയം ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ജീവപര്യന്തം വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിനു പുറമേ 17 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു.
മറ്റു കേസുകളിലാണ് 17 വർഷത്തെ തടവ്. ഇതിനുശേഷമാണ് ജീവപര്യന്തം ആരംഭിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
അതേസമയം, കേസിൽ തൃപ്തികരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ഹരിശങ്കർ. ശിക്ഷ കോടതിയുടെ വിവേചനാധികാരമാണ്. അതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് സഹകരിച്ച എല്ലാവരോടും നന്ദിയെന്നും ഹരിശങ്കർ പറഞ്ഞു. സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.