12 October, 2021 06:22:45 PM


സൈന്യത്തിൽ ചേർന്നിട്ട് നാല് വർഷം; നൊമ്പരമായി വീരമൃത്യു വരിച്ച സൈനികൻ വൈശാഖ്



കൊട്ടാരക്കര: കുടവട്ടൂർ ഗ്രാമത്തിന്‍റെ നൊമ്പരമായി ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീരസൈനികൻ വൈശാഖ്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.  2017 ലാണ് വൈശാഖ് കരസേനയിൽ ചേർന്നത്.

വൈശാഖിന്‍റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. 10 സെന്‍റ് ഭൂമി വാങ്ങി അതിൽ നല്ല ഒരു വീടും പണിതു.ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്. പക്ഷേ പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്. നാലു മാസം മുമ്പ് അവസാനമായി നാട്ടിലെത്തി. സഹോദരി ശിൽപ്പയുടെ വിദ്യാഭ്യാസ കാര്യങ്ങളിലും വൈശാഖ് ശ്രദ്ധിച്ചിരുന്നു. ഡിഗ്രി അവസാനവർഷ വിദ്യാർഥിയാണ് ശിൽപ.

അമ്മ ബീനയെയും വിദ്യാര്‍ഥിനിയായ സഹോദരി ശില്‍പയെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടപ്പെടുകയാണ് നാട്ടുകാരും ബന്ധുക്കളും. പഞ്ചാബ് കബൂർത്തലിൽ നിന്നുള്ള ജൂനിയർ കമ്മീഷൻ ഓഫീസ് നായിബ് സുബേധാർ ജസ്വീന്ദർ സിങ്, ഗുരുദാസ് പുർ സ്വദേശി മൻദീപ് സിങ്, റോപ്പർ സ്വദേശി ഗജ്ജൻ സിങ്, ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിങ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാലു പേർ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K