07 October, 2021 11:38:31 PM


ഫേസ്ബുക്ക് വിവരങ്ങള്‍ വൈകുന്നു: ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിലെ കുറ്റപത്രവും



കൊല്ലം: പാരിപ്പള്ളിയില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ രേഷ്മക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആകാതെ അന്വേഷണസംഘം. ഫേസ്ബുക്കില്‍ നിന്നുള്ള ചില വിവരങ്ങള്‍ വൈകുന്നതാണ് ഇതിനു കാരണം. വ്യാജ ഐഡിയില്‍ ഉള്ളവരാണ് രേഷ്മയുമായി സംസാരിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആശയവിനിമയത്തിലെ ഉള്ളടക്കം പൂര്‍ണമായും ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് കുറ്റപത്രം വൈകുന്നത്.

കഴിഞ്ഞദിവസം പരവൂര്‍ മുന്‍സിഫ് കോടതി രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. റിമാന്‍ഡ് കാലാവധി തൊണ്ണൂറ് ദിവസം പിന്നിട്ടതിനാല്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകനുവേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. രേഷ്മയുടെ ബന്ധുക്കളായ മറ്റ് രണ്ട് യുവതികള്‍ ആണ് ഫേസ്ബുക്കിലൂടെ അജ്ഞാത കാമുകനെന്ന തരത്തില്‍ പ്രതിയോട് സംവദിച്ചിരുന്നത്. ഈ യുവതികള്‍ പിന്നീട് ഇത്തിക്കര ആറ്റില്‍ ചാടി ജീവനൊടുക്കി. ആര്യ, ഗ്രീഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

അനന്തു എന്ന പേരിലെ അജ്ഞാത കാമുകനുമായി ആണ് രേഷ്മ സംസാരിച്ചിരുന്നത്. രേഷ്മയുടെ ഫോണ്‍ ചിലപ്പോള്‍ ആര്യ ഉപയോഗിക്കുമായിരുന്നു. ഇതിനിടയിലാണ് ചില പുരുഷ സുഹൃത്തുക്കളുമായി രേഷ്മ സംസാരിച്ച വിവരം ആര്യ മനസ്സിലാക്കുന്നത്. തുടര്‍ന്ന് അനന്തു എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി രേഷ്മയുമായി സംസാരിക്കുകയായിരുന്നു. സ്വന്തം ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിച്ച രേഷ്മ ആകട്ടെ ഗര്‍ഭിണിയാണെന്ന വിവരമോ കുഞ്ഞിനെ ഉപേക്ഷിച്ച വിവരമോ ഭര്‍ത്താവും വീട്ടുകാരും പോലുമറിയാതെ രഹസ്യമായി സൂക്ഷിച്ചു.

കാമുകനുവേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് അനുമാനം. കുഞ്ഞിന്റെ മരണം സംഭവിച്ചു മാസങ്ങള്‍ക്കുശേഷമാണ് പ്രതി സ്വന്തം അമ്മയാണെന്ന് കണ്ടെത്തുന്നത്. സംഭവം വലിയ വിവാദമായതോടെ രേഷ്മയെ കബളിപ്പിച്ച് രണ്ട് യുവതികളും വീടുവിട്ടു പോവുകയായിരുന്നു. പിന്നീടായിരുന്നു ഇത്തിക്കരയാറ്റില്‍ ചാടിയുള്ള ആത്മഹത്യ. രേഷ്മയെ കബളിപ്പിച്ചിരുന്ന വിവരം ഗ്രീഷ്മ തന്റെ ആണ്‍ സുഹൃത്തിനോട് പറയുകയും ചെയ്തിരുന്നു. ഈ യുവാവില്‍ നിന്നും പിന്നീട് പൊലീസ് മൊഴി രേഖപ്പെടുത്തി. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്നു ഇതുവരെ രേഷ്മ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K