26 September, 2021 05:54:12 PM
കൊട്ടാരക്കരയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് കടകൾ കത്തി നശിച്ചു
കൊട്ടാരക്കര: പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചരക്ക് കൊട്ടാരക്കര പുത്തൂർ റോഡിൽ മുസ്ലിം സ്ട്രീറ്റ് മേൽപാലത്തിനു സമീപം പ്രവർത്തിക്കുന്ന ചായക്കടിലായിരുന്നു അപകടം. അപകടത്തിൽ ചായക്കടയുടമ ശാസ്താംമുകൾ വീട്ടിൽ ഇസ്മായിൽ (58) ന് പരിക്കേറ്റു.
പൊട്ടിത്തെറിച്ച സിലണ്ടറിന്റെ ചീളുകൾ കാലിൽ തുളച്ചു കയറിയാണ് ഇസ്മായിലിന് കാലിനു ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവിന്റെ അപ്ഹോൾസ്റ്ററി കടയും ഭാഗികമായി കത്തി നശിച്ചു. ഈ കടയിൽ മാത്രം ഏകദേശം ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു.
രാവിലെ കടയിലെത്തിയ ഇസ്മായിൽ സ്റ്റൗ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഗ്യാസ് സിലണ്ടർ ലീക്കായതാണ് അപകടത്തിനു കാരണമായത്. ഭയന്നു പോയ ഇസ്മായിൽ പെട്ടെന്ന് കടയിൽ നിന്നും പുറത്തേക്കിറങ്ങി ഓടി മാറി. പിന്നാലെ തീ ആളി പടരുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. തൊട്ടടുത്ത കടയിലേക്കും തീ പടർന്നു പിടിച്ചു. കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.