21 September, 2021 09:11:42 AM
ബൈപ്പാസിൽ അപകടത്തിൽപ്പെട്ട് സൈക്കിൾ യാത്രികൻ; രക്ഷകനായി മന്ത്രി
കൊല്ലം: ബൈപ്പാസ് റോഡിൽ അപകടത്തിൽപെട്ടു കിടന്ന സൈക്കിൾ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കുരിയപ്പുഴ പാലത്തിൽ സൈക്കിളിൽ നിന്നു വീണ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി വാഹനം നിർത്തുകയും പുറത്തിറങ്ങി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു.
മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസിന് സംഘത്തിനാണ് നിർദേശം നൽകിയത്. തുളസീധരനെ ഉടൻതന്നെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു. തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രി അറിയിച്ചു. റോഡപകടത്തിൽപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്നും മന്ത്രി ഓർമിപ്പിച്ചു.