18 September, 2021 07:16:21 PM


ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ച സിപിഎം നേതാവിന് സസ്പെഷൻ



കൊല്ലം: കെ എസ് എഫ് ഇയില്‍ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ച സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെഷൻ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം അശ്ലീല സന്ദേശം അയച്ചെന്ന യുവതിയുടെ പരാതിയില്‍ തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്. അനിലിനെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്.

ഇടുക്കി തൊടുപുഴ സ്വദേശിനിയായ യുവതിയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. ഒരു ദിവസം അബദ്ധത്തില്‍ അനിലിന്‍റെ ഫോൺ കോള്‍ യുവതിയുടെ ഫോണിലെത്തിയതിനെ തുടർന്നാണ് വാട്സാപ്പ് വഴി സൌഹൃദം സ്ഥാപിച്ചത്. ഏറെ കാലം, ഇരുവരും വാട്സാപ്പ് സൌഹൃദം തുടർന്നു. ഇതിനിടെ യുവതിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയ അനിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. പാര്‍ട്ടി നേതാവാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാലിനുമേൽ നല്ല സ്വാധീനമുണ്ടെന്നും കെഎസ്എഫ്ഇയില്‍ ജോലി വാങ്ങി നല്‍കാമെന്നുമാണ് യുവതിയെ അനിൽ അറിയിച്ചത്.


കൊച്ചിയില്‍ ഒരു കേസിന്‍റെ ആവശ്യവുമായി ഹൈക്കോടതിയില്‍ വരുമ്പോള്‍ ബയോഡേറ്റയുമായി അവിടെ എത്താൻ അനിൽ നിർദേശിച്ചു. എന്നാല്‍ മകനുമായി വരാമെന്നു പറഞ്ഞപ്പോള്‍ തനിച്ച് ലോഡ്ജില്‍ എത്തണമെന്നാണ് അനിൽ ആവശ്യപ്പെട്ടത്. ലോഡ്ജിൽ തനിച്ച് വരണമെന്ന അനിലിന്‍റെ സംസാരം യുവതി റെക്കോർഡ് ചെയ്യുകയും, പാർട്ടി നേതൃത്വത്തിനും മഹിളാ അസോസിയേഷനും പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സി പി എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍കോടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അനിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K