18 August, 2021 08:07:53 PM
ചവറയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിൽ
ചവറ : മുൻവൈരാഗ്യം മൂലം യുവാവിനെ വിളിച്ച് വരുത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ നടുവിലക്കര പ്രവീൺ ഭവനം വീട്ടിൽ പ്രദീപ് മകൻ പ്രവീൺ (30), നീണ്ടകര വില്ലേജിൽ പുത്തൻതുറ മുക്കോടി കിഴക്കതിൽ അബ്ദുൽ റഹീം മകൻ അൻഷാദ് (30) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്.
കരുനാഗപ്പളളി റെയിൽവേഗേറ്റിന് സമീപം താമസിക്കുന്ന ഷാന് ആണ് വെട്ടേറ്റത്. ഇയാൾ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് വിരോധത്തിലേക്ക് നയിച്ചത്. തുടർന്ന് ഇയാളെ ചവറ കൊച്ചുവീട്ടിൽ കോളനിയിലേക്ക് വിളിച്ച് വരുത്തി തടഞ്ഞ് വയ്ക്കുകയും തുടർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ, സബ്ബ് ഇൻസ്പെകടർമാരായ സുകേഷ്, നൗഫൽ, അജയൻ, എസ്സ്.സി.പി.ഓ തമ്പി, ബിജു, സി.പി.ഓ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്റ് ചെയ്തു.