12 August, 2021 05:44:50 PM
മൈനാഗപ്പള്ളിയിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം: മൂന്നു പേർ പിടിയിൽ
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ശൂരനാട് വടക്ക് കണിമേൽ കിടങ്ങയം ജിഷ്ണു ഭവനിൽ മനോജ് കുമാറിന്‍റെ മകൻ ജിഷ്ണു മനോജ്(24), വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്ത കുറുങ്ങാട്ടു കിഴക്കേതിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാനു(24), തൊടിയൂർ, പുലിയൂർ വഞ്ചി തെക്ക്, പുത്തൻ തറയിൽ വീട്ടിൽ ചന്ദ്രന്‍റെ മകൻ ദിലീപ്(23) എന്നിവരാണ് അറസ്റ്റിലായത്.
മൈനാഗപ്പള്ളി കുറ്റിമുക്ക് സ്വദേശി ശശിധരൻ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ശശിധരന്‍റെ മകൻ ശ്യാമിനോടുള്ള വൈരാഗ്യത്തെ തുടർന്നാണ് വീട് ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ശ്യാമിന്‍റെ വീടിനു നേരെ ആക്രമണം നടന്നത്. കേസിലെ ഒന്നാം പ്രതി ജിഷ്ണു മനോജ് ഒരു പെൺകുട്ടിയോട് സംസാരിച്ച വിവരം പെൺകുട്ടിയുടെ ബന്ധുവിനെ അറിയിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. വീട് ആക്രമിക്കുന്നതിന് മുമ്പ് ജിഷ്ണു, ശ്യാമിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
ഓഗസ്റ്റ് 11ന് പുലർച്ചെ ജിഷ്ണുവും മറ്റ് രണ്ടു പേരും ചേർന്ന് വീടിനു നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ശ്യാം ശാസ്താംകോട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ശാസ്താംകോട്ട എസ് എച്ച് ഒ അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.