06 August, 2021 06:07:23 PM
വിസ്മയയുടെ മരണം: ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു.
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്‍റെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കേരള സിവിൽ സർവ്വീസ് റൂൾ -1960 ചട്ടം 11.(8) പ്രകാരമാണ് നടപടി.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യയുടെ മരണത്തിൽ ഭർത്താവിന്റെ ജോലി നഷ്ടമാകുന്നത്. വിസ്മയ മരിച്ചതിന് പിന്നാലെ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോഴത്തെ നടപടി പൊലീസ് അന്വേഷണവുമായി ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു. രണ്ടും രണ്ട് നടപടിയാണ്. സർവീസ് റൂൾ അനുസരിച്ചുള്ള കുറ്റം ചെയ്തെന്ന് തെളിഞ്ഞു. പൊലീസ് നടപടിയും സർവീസ് നടപടിയും രണ്ടാണ്. കിരണിന്‍റെയും മൊഴി എടുത്ത ശേഷമാണ് ഗതാഗതവകുപ്പ് നടപടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 65 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
സ്ത്രീധന പീഡനത്തിനാണ് കിരണിനെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജൂൺ 21 നാണ് വിസ്മയയെ കിരണിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരിൽ വിസ്മയ ഭർത്തൃ ഗൃഹത്തിൽ കൊടിയ മർദ്ദനം നേരിട്ടിരുന്നു
വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് കീഴ്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. അഡ്വ. ബി.എ. ആളൂർ വഴിയാണ് കിരൺകുമാർ ശാസ്താംകോട്ട കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. തുടർന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആദ്യം മാറ്റിവച്ചു. പിന്നീട് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടു.
കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നുമാണ് ബി. എ. ആളൂർ നേരത്തെ കോടതിയിൽ വാദിച്ചത്. പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂർ വാദിച്ചിരുന്നു.