02 August, 2021 08:58:34 PM
മരിച്ചവർക്കും ക്ഷേമപെൻഷൻ: ഓഡിറ്റ് റിപ്പോർട്ടില്‍ എൽ ഡി എഫ് ഭരണമുന്നണി പ്രതികൂട്ടില്‍
കൊല്ലം: കിഴക്കേകല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്ന് മരിച്ചവർക്കും ക്ഷേമപെൻഷൻ നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. എൽ.ഡി.എഫ് ഭരിക്കുന്ന ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ധനവകുപ്പ് ഓഡിറ്റ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി.
കഴിഞ്ഞ വർഷം മരിച്ച കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ, 2018 മെയ് 27ന് മരിച്ച സെലീന, ഇവരെല്ലാം ക്ഷേമപെൻഷൻ കൈ പറ്റുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തങ്കമ്മ മരണപ്പെട്ടതിനാൽ 2019 ഡിസംബർ മുതൽ 2020 ജൂൺ വരെയുള്ള പെൻഷൻ നൽകിയിട്ടില്ല. എന്നാൽ 2020 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ പെൻഷനായി 2600 രൂപ തങ്കമ്മ കൈപ്പറ്റിയതായി ഓഡിറ്റിങ്ങിൽ കണ്ടെത്തി.
സെലീനയാകട്ടെ 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെയുള്ള 2400 രൂപ പെൻഷൻ മരണശേഷം നേരിട്ട് എത്തി കൈപ്പറ്റിയെന്ന് രേഖകൾ പറയുന്നു. ഈ തുകകൾ ബാങ്കിലെ തന്നെ താൽക്കാലിക ജീവനക്കാരി വിതരണം നടത്തിയതായാണ് കാണിച്ചിട്ടുള്ളത്. ക്രമക്കേടിൽ പോലീസിൽ പരാതി നൽകണമെന്നും ബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിൽ വിശദമായ പരിശോധന നടത്തണമെന്നും പഞ്ചായത്തിന് നൽകിയ റിപ്പോർട്ടിൽ ഓഡിറ്റിങ് വിഭാഗം പറയുന്നു.