21 July, 2021 07:05:31 PM
'മദ്യത്തില്‍ മുങ്ങി' പിറന്നാള്‍: ബാർ ജീവനക്കാരായ യുവതികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍
കൊട്ടാരക്കര: കൗമാരക്കാരായ കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു പിറന്നാൾ ആഘോഷിച്ച സംഘം പിടിയിൽ. കൊട്ടാരക്കരയിലെ ബാർ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കൗമാരക്കാരെയുമാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഇയംകുന്ന് സ്വദേശികളായ അഖിൽ, ഉണ്ണി, എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും രണ്ടും ആൺകുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടു. സംഘത്തിൽ ഉണ്ടായിരുന്ന പതിനഞ്ചുകാരന്‍റെ പിറന്നാൾ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയിൽ എത്തിയത്. ഭക്ഷണവും പിറന്നാൾ കേക്കുമായാണ് ഇവർ എത്തിയത്.
കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അമിതമായ അളവിൽ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയിൽ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച് യുവതികളും പെൺകുട്ടികളും ഛർദ്ദിച്ച് അവശരായി. തുടർന്ന് ഇവരെ വീട്ടിലെത്തിക്കാൻ യുവാക്കൾ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ കൊട്ടാരക്കര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.