15 July, 2021 01:57:20 PM
കൊല്ലം കുണ്ടറയില്‍ കിണര്‍ കുഴിക്കാനിറങ്ങിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ട നാല് തൊഴിലാളികൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന് 11.30 ഓടെയാണ് ദാരുണമായ അപകടം നടന്നത്. കുണ്ടറ സ്വദേശികളായ രാജൻ (35), സോമരാജൻ ( 54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്.
അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി പുതിയ വീട് നിർമിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണർ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികൾ.
കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കിണറിലിറങ്ങിയ ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.