25 June, 2021 04:27:55 PM
ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ആര്യ(27)യാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ മീനാട് കട്ട കമ്പനിക്ക് സമീപമാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. പ്രസവിച്ച ഉടൻ കുഞ്ഞിനെ റബർ തോട്ടത്തിലെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ബന്ധുവാണ് മരിച്ച ആര്യ.
കാണാതായിരിക്കുന്ന 19 വയസുകാരിയും രേഷ്മയുടെ ബന്ധുവാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവതികൾ അപ്രത്യക്ഷരായത്. "ഞങ്ങൾ പോകുന്നു' എന്ന് കത്തെഴുതിവച്ചാണ് യുവതികൾ പോയത്. ബന്ധുവായ രേഷ്മ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.