19 June, 2021 02:25:10 PM


ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം



കൊല്ലം: ചിതറയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. രക്ഷപ്പെടാനായി ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച് വീണ് പരിക്കേറ്റു. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


വെള്ളിയാഴ്ച ഉച്ചകഴി‍ഞ്ഞ് മൂന്നുമണിയോടെ അരിപ്പൽ യു പി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍ നിന്ന് മകൾക്കുള്ള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡിൽ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുള്ള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.


ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരിക്കേറ്റത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K