09 June, 2021 08:16:42 PM
കോവിഡ് മാനദണ്ഡലംഘനങ്ങള്‍: കൊല്ലം ജില്ലയില്‍ 58 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കൊല്ലം: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്‍റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 58 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കരയിലെ എഴുകോണ്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 39 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 104 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ അജേഷ്, സന്തോഷ്‌കുമാര്‍, യേശുദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ്.പുരം, ഓച്ചിറ, തഴവ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ പിഴയീടാക്കി. 86 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദു മോള്‍, ഹര്‍ഷാദ്, നൂബിയ ബഷീര്‍, സുമറാണി, അജ്മി എന്നിവരുടെ നേതൃത്വം നല്‍കി.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകളില്‍ പിഴ ഈടാക്കി. 57 എണ്ണത്തിന് താക്കീത് നല്‍കി. പുനലൂരിലെ കരവാളൂര്‍, വെഞ്ചേമ്പ്, കോക്കാട്, അടുക്കളമൂല ഭാഗങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം.കെ.ഗീതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 കേസുകളില്‍ താക്കീത് നല്‍കി.
കൊല്ലത്ത് നെടുമ്പന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജു, സെക്ടറല്‍ മജിസ്‌ട്രേറ്റ് ജയറാം എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 15 കേസുകളില്‍ താക്കീത് നല്‍കി. പത്തനാപുരം തഹസീല്‍ദാര്‍ സജി എസ് കുമാറിന്റെ നേതൃത്വത്തില്‍ പിടവൂര്‍, കുന്നിക്കോട്, പത്തനാപുരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി.