03 June, 2016 11:58:13 PM
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം ; പീതാംബരക്കുറുപ്പിന് നോട്ടീസ്
കൊല്ലം : പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ എം.പി പീതാംബരക്കുറുപ്പിന് കേന്ദ്ര അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്. പോലീസ് മുഖാന്തരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് മൊഴി നല്‍കാന്‍ ഹാജരാകമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ട് അനുമതിയ്ക്കായി പീതാംബരക്കുറുപ്പിന്‍റെ ഇടപെടല്‍ ഉണ്ടായതായി ക്ഷേത്ര കമ്മറ്റി സെക്രട്ടറി കൃഷ്ണന്‍കുട്ടിപ്പിള്ള നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. പീതാംബരക്കുറുപ്പിന് പുറമേ ക്ഷേത്രഭാരവാഹികളുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
ഏപ്രില്‍ എട്ടിന് വൈകിട്ട് വെടിക്കെട്ട് നിരോധിച്ച് എഡിഎമ്മിന്‍റെ ഉത്തരവുമായി വില്ലേജ് ഓഫീസര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടത്. ഇവരുടെ നിര്‍ദേശപ്രകാരമാണ് ഒന്‍പതിന് ഉച്ചയ്ക്ക് സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തുകയും തുടര്‍ന്ന് വെടിക്കെട്ട് നടത്താന്‍ അനുമതി നേടുകയും ചെയ്തതെന്നും ക്ഷേത്ര കമ്മറ്റി സെക്രട്ടറിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.