31 May, 2021 06:31:14 PM


കുണ്ടറയിലെ ബോംബാക്രമണം; നടി പ്രിയങ്കയെ പൊലീസ് ചോദ്യംചെയ്തു



കൊല്ലം: ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിന്റെ കാറിനു നേർക്കുണ്ടായ ബോംബാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയായത് നാട്ടുകാർക്ക് നല്ലത് ചെയ്യാമെന്ന് കരുതിയാണെന്ന് പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തിൽ  ഷിജു വർഗീസിൻ്റെ വാഹനത്തിനുനേരെ, സ്വന്തം കൂട്ടാളികൾ തന്നെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് നടിയെ പൊലീസ് ചോദ്യം ചെയ്തത്. 


പ്രിയങ്ക അരൂരിൽ ഡി.എസ്.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.  ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ടു മണിക്കൂറിലേറെയാണ് നടിയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പിൽ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് ഡി.എസ്.ജെ.പി സ്ഥാനാർഥിയായി കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെയും മത്സരിച്ചു. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാൾ നന്ദകുമാറാണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഗൂഢാലോചനയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിനു ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.


"തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരലക്ഷം രൂപയാണ് പാർട്ടിയിൽ നിന്ന് ലഭിച്ചത്. നന്ദകുമാറുമായി വ്യക്തിപരമായി ഉണ്ടായിരുന്ന പരിചയമാണ് സ്ഥാനാർത്ഥിത്വത്തിന് കാരണം. ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാമെന്നും കരുതി." നന്ദകുമാറിൽ നിന്ന് മാനസികമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹിയിലുള്ള നന്ദകുമാറിന് രണ്ടുതവണ നേരത്തെ അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതുവരെയും നന്ദകുമാർ ഹാജരായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K