30 May, 2021 07:34:48 AM


വ്യാജ സർട്ടിഫിക്കറ്റുമായി ഏഴു വർഷം സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത ഗൈനക്കോളജിസ്റ്റ് പിടിയിൽ



കൊല്ലം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പിൽ ഏഴു  വർഷത്തോളം ജോലി ചെയ്ത വനിതാ ഗൈനക്കോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾറ്റന്റ് ഗൈനക്കോളജിസ്റ്റ് ആയിരുന്ന ചേർത്തല വാരനാട് സ്വദേശി ടി എസ് സീമയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. 
 
പടിഞ്ഞാറെകല്ലട സ്വദേശി ടി സാബു നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് പഠന സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സസ്‌പെൻഷൻ. സാബുവിന്റെ ഭാര്യ ശ്രീദേവിയെ 2019 നവംബറിൽ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11ാം തിയതി ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധമാണ് ഈ സംഭവത്തോടെ ഉണ്ടായത്.


സീമ ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സാബു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാണ് ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയത്. 2008ൽ ദ്വിവത്സര ഡിജിഒ കോഴ്‌സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.


കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 7 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു സീമ. 2011 മുതൽ സർക്കാർ സർവീസിലുള്ള ഇവർ ചേർത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K