21 May, 2021 02:30:44 AM
കോവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ല: ആരോഗ്യമന്ത്രിക്ക് ആദ്യപരാതി ബിന്ദു കൃഷ്ണ വക
കൊല്ലം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് ആദ്യ പരാതി നല്‍കി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. കൊല്ലം ജില്ലാ ആശുപത്രിയില്‍ വച്ച് കോവിഡ് രോഗം ബാധിച്ച് മരണപ്പെട്ട സഹപ്രവര്‍ത്തകനും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ കാണാന്‍ ഇല്ല എന്നാണ് പരാതി.
ശ്രീനിവാസന്റെ മൃതശരീരം ഇന്നലെ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതശരീരം മറവ് ചെയ്യാനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ എത്തിയപ്പോഴാണ് മോര്‍ച്ചറിയില്‍ മൃതശരീരം കാണാനില്ല എന്നുമനസ്സിലാക്കുന്നത്. കൊല്ലം ജില്ലയിലെ കിളികൊല്ലൂര്‍ സ്വദേശിയാണ് ശ്രീനിവാസന്‍. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ നാലാം ബ്ലോക്കിലാണ് മൃതദേഹം സൂക്ഷിച്ചത്.
പൊലീസ് ക്ലിയറന്‍സും വാങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ മൃതദേഹം കാണാനില്ല. കാലിയായ ബ്ലോക്കാണ് കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ സുകുമാരന്‍ എന്ന വ്യക്തിയുടെ മൃതശരീരത്തിന് പകരം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ശ്രീനിവാസന്റെ മൃതശരീരം മാറി നല്‍കി എന്നതാണ്. അവര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇത് ഗുരുതര വീഴ്ചയാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. നമ്ബറെഴുതി, ഡേറ്റും സഹിതം വച്ചിട്ട് പോയിട്ടും ഇന്നുവന്നപ്പോള്‍ ബോഡി കാണാനില്ല. തികച്ചും നിരുത്തരവാദപരമായാണ് ജില്ലാ ആശുപത്രി അധികൃതര്‍ പെരുമാറിയത്. സൂപ്രണ്ട് അടക്കമുള്ളവര്‍ ബിഗ് സോറി പറഞ്ഞു. സോറി കൊണ്ടുതീരുന്നതാണോ ബന്ധുക്കളുടെയും പ്രവര്‍ത്തകരുടെയും വിഷമമെന്ന് ബിന്ദു കൃഷ്ണ ചോദിച്ചു.
'സര്‍ക്കാര്‍ അനുശാസിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുപോലും മൃതശരീരം സംസ്‌കരിക്കാനുള്ള അവസരം ജില്ലാ ആശുപത്രി അധികതര്‍ നല്‍കിയില്ല. ഇത് അങ്ങേയറ്റം ദയനീയമായ അവസ്ഥയാണ്. ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. കോവിഡ് മരണം തന്നെ നമ്മ വേദനിപ്പിക്കുന്നു. അതിന് പുറമേ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മൃതദേഹം വിട്ടുകിട്ടില്ല എന്നു പറഞ്ഞാല്‍ അത്യന്തം വേദനാജനകമാണ്.' വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും തുടര്‍ന്നും ഇത്തരം പിഴവുകള്‍ വരുത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വലിയ പ്രതിഷേധമുണ്ട്. നിരുത്തരവാദപരമായ സമീപനത്തിനെതിരെ എന്തുകോവിഡ് പ്രോട്ടോക്കോള്‍ പറഞ്ഞാലും മനുഷ്യത്വത്തിന്റെ പേരില്‍ പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ലെന്നും ബിന്ദുകൃഷ്ണ ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞു. ആശുപത്രി പിആര്‍ഒയ്ക്ക് തങ്ങള്‍ എത്തിയത് തീരെ ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം തങ്ങളോട് തട്ടിക്കയറിയെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഭരണം രണ്ടാമത് കിട്ടിയ സഖാവിന്റെ മുഷ്‌കായിരിക്കാം. പക്ഷേ അതിന് അരുനിന്ന് കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് ആവില്ല. ഭരണം പോയാലും, ഒരുതവണ ഭരണം കിട്ടിയില്ലെങ്കിലും അനീതിയോട് സമരസപ്പെടാന്‍ ആവില്ലെന്നും നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.