19 May, 2021 08:32:55 PM
'ആടിനെ വളർത്തി ജീവിക്കുന്നവർക്ക് വിഐപി സ്ഥാനം നൽകാൻ പിണറായിക്കേ കഴിയൂ' - സുബൈദ
കൊല്ലം: ഉപജീവനമാർഗമായ ആടുകളെ വിറ്റു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയാണ് കൊല്ലത്തെ സുബൈദ എന്ന ഉമ്മ വാർത്തകളിൽ ഇടംനേടിയത്. ഇപ്പോഴിതാ, സുബൈദയെ തേടി രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമെത്തി. വിഐപിയായാണ് സർക്കാരിന്‍റെ ക്ഷണവും ഗേറ്റ് പാസും സുബൈദയ്ക്ക് ലഭിച്ചിരിക്കുന്നത്. തന്നെ മറക്കാതെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സുബൈദ രംഗത്തെത്തി.
ആടിനെ വളർത്തി ഉപജീവനം നടത്തുവർക്കും വിഐപി സ്ഥാനം നൽകി പരിഗണിക്കാൻ പിണറായി വിജയന് മാത്രമെ കഴിയുകയുള്ളു എന്ന് സുബൈദ പറഞ്ഞു. ആടിനെ വിറ്റ പണമായ 5000 രൂപ സുബൈദ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ സുബൈദ ബീവി അന്ന് പറഞ്ഞത്.
ആടുവളർത്തലിനൊപ്പം ചായക്കട നടത്തിയുമാണ് സുബൈദയും ഭർത്താവും ജീവിക്കുന്നത്. താനും തന്റെ ഭര്‍ത്താവും ഒരു ഡോസ് വാക്‌സിനെടുത്തെന്നും, ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നിയതു കൊണ്ടാണ് സംഭവന നൽകിയതെന്നും ആയിരുന്നു സുബൈദ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനനും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു.