19 May, 2021 10:56:15 AM
ബാലകൃഷ്ണപിള്ളയുടെ ഒസ്യത്ത് വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി
കൊട്ടാരക്കര: ആർ.ബാലകൃഷ്ണപിള്ളയുടെ ഒസ്യത്ത് വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. വിൽപ്പത്രം അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം തയാറാക്കിയതാണ്. സഹോദരി ഉഷാ മോഹൻദാസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും മരിച്ചിട്ടും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ പറഞ്ഞു.
വിൽപ്പത്രം സംബന്ധിച്ച് ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷാ മോഹൻദാസ് ഉയർത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ഇളയ സഹോദരി രംഗത്തെത്തിയത്. ഒസ്യത്തിനെ ചൊല്ലിയുള്ള പരാതിയുമായി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഐഎം നേതൃത്വത്തെയും സമീപിച്ചതോടെയാണ് വിൽപ്പത്രം വിവാദത്തിലാകുന്നത്.
വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. രണ്ട് പെൺമക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിൽ ആയിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായപ്പോൾ പിള്ളയെ പരിചരിച്ചിരുന്നത് ഗണേഷ് കുമാർ ആയിരുന്നു. അപ്പോൾ വീണ്ടും മറ്റൊരു വിൽപത്രം കൂടി തയ്യാറാക്കി എന്നാണ് ആരോപണം.