12 May, 2021 07:50:18 PM


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കൊല്ലത്തെ തദ്ദേശസ്ഥാപനങ്ങള്‍



കൊല്ലം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശസ്ഥാപനങ്ങള്‍. നെടുമ്പന പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നാല് ആംബുലന്‍സുകള്‍ രണ്ട് ടാക്‌സി, ഒരു ഓട്ടോറിക്ഷ എന്നിവയുണ്ട്. ഒരു വാര്‍ഡില്‍  അഞ്ച് ഓക്‌സിമീറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്.


അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലും ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വാര്‍ഡുകളിലും 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌കും പഞ്ചായത്ത് തലത്തില്‍ വാര്‍റൂമും സജ്ജമാണ്. എല്ലാ വാര്‍ഡുകളും ടൗണും അണുവിമുക്തമാക്കി. ഓക്‌സിജന്‍ സംവിധാനത്തോടു കൂടി മൂന്ന് ആംബുലന്‍സുകളും 24 മണിക്കൂറും ലഭ്യമാക്കി. ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണവും വീട്ടിലെത്തിച്ചു നല്‍കുന്നു. ഡോമിസിലറി കോവിഡ് കെയര്‍ സെന്ററും പൂര്‍ണ സജ്ജമാണ്. 120 കിടക്കകളും അനുബന്ധ സംവിധാനങ്ങളോടും കൂടി അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഡി.സി.സി എന്ന് പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു.


കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍  മുഴങ്ങോട്ടുവിള ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ 100 കിടക്കകളുള്ള സെക്കന്‍ഡ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കരുനാഗപ്പള്ളി  ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു. 20 കിടക്കകള്‍ ഓക്‌സിജന്‍ സംവിധാനത്തോടെയാണ് സജ്ജമാക്കിയിട്ടുള്ളത്.


തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജമാണ്. നിര്‍ധനരായ രോഗികളുടെ സേവനത്തിനായി  ആംബുലന്‍സ്  പ്രവര്‍ത്തിക്കുന്നു. എട്ട് ടാക്‌സികള്‍ ആംബുലന്‍സ് സേവനത്തിനായി ഒരുക്കിയിട്ടുമുണ്ട്.  നിര്‍ധന രോഗികള്‍ക്കായി   100 പള്‍സ് ഒക്‌സിമീറ്റര്‍  നല്‍കി. ജനകീയ ഹോട്ടലും പ്രവര്‍ത്തിച്ചു വരുന്നു.


ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന അഞ്ചു പഞ്ചായത്തുകളിലും അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.  ടെലി കൗണ്‍സിലിങ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു.


കരീപ്ര ഗ്രാമപഞ്ചായത്തില്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു.  എസ്. സി. കോളനികളില്‍  400 പേര്‍ക്ക് സൗജന്യ ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റുകള്‍ നടത്തി. നിയുക്ത എം. എല്‍. എ കെ. എന്‍. ബാലഗോപാല്‍ മുന്നണി പോരാളികള്‍ക്കുള്ള മാസ്‌ക്കുകളും വിതരണം ചെയ്തു.


കൊട്ടാരക്കര നഗരസഭാ പരിധിയില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാളെ (മെയ് 13) വീടുകളില്‍ നേരിട്ടെത്തി ചികിത്സയും മരുന്നുകളും നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു.


പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ നാളെ (മെയ് 13) ന് ഡോമിസിലറി കേന്ദ്രം ആരംഭിക്കും. ശൂരനാട് വടക്ക് പഞ്ചായത്തില്‍ 50 കിടക്കകളുള്ള ഡോമിസി ലറി സെന്റര്‍ ആരംഭിച്ചു. മൈനാഗപ്പള്ളി പഞ്ചായത്തിലെ എല്‍.വി.എച്ച്.എസില്‍ 10  കിടക്കകളുള്ള ഡോമിസിലറി കേന്ദ്രം ആരംഭിച്ചതായും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അന്‍സര്‍ ഷാഹി പറഞ്ഞു.


പെരിനാട് ഗ്രാമപഞ്ചായത്തില്‍ ചന്ദനത്തോപ്പ് ഐ.ടി.ഐ ഹോസ്റ്റലിലും, പെരിനാട് സ്‌കൂളിലുമായി 60 കിടക്കകളോടു കൂടിയ ഡി. സി. സി ആരംഭിച്ചു. പഞ്ചായത്തില്‍ മുഴുവന്‍സമയ കോവിഡ്  സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നു (ഫോണ്‍. 0474-2552688, 9496041780). എല്ലാ വാര്‍ഡുകളിലും ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു. ഒരു ആംബുലന്‍സ്, നാല് ഓട്ടോറിക്ഷകള്‍ എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ പറഞ്ഞു.


പരവൂര്‍ നഗരസഭയില്‍ ജനകീയ ഹോട്ടലില്‍ നിന്നാണ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം എത്തിക്കുന്നത്. അശരണര്‍ താമസിക്കുന്ന ഇടങ്ങളിലും ഭക്ഷണം നല്‍കുന്നുണ്ട്.  32 വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ഉണ്ട്. കോവിഡ് വാര്‍ റൂം, മുഴുവന്‍സമയ സഹായകേന്ദ്രം (04742512340) എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നതായി  നഗരസഭാ സെക്രട്ടറി എന്‍. കെ. വൃജ അറിയിച്ചു.


ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളും. ഓക്‌സിജന്‍ സംവിധാനത്തോടുകൂടിയുള്ള ഒരു ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് എണ്ണം സേവന സജ്ജമാണ് എന്ന് പ്രസിഡന്റ് ജെ. വി. ബിന്ദു പറഞ്ഞു.


പത്തനാപുരം ഗ്രാമപഞ്ചായത്ത് സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതനില്‍ 130 കിടക്കകളുള്ള സി. എഫ്. എല്‍. ടി. സി. തുടങ്ങി.  മൂന്ന് ആംബുലന്‍സുകള്‍, നാല് ഓട്ടോ-ടാക്‌സികളുമടക്കമുള്ള സേവനങ്ങള്‍  ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്, വാര്‍ റൂം, നഴ്‌സിങ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള ടെലിമെഡിസിന്‍ സംവിധാനം, 25 പേര്‍ വീതം അടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം  എന്നിവയും പ്രവര്‍ത്തിക്കുന്നു എന്ന് സെക്രട്ടറി  സുരേഷ് ബാബു പറഞ്ഞു.


പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാലൂര്‍, മീനം എന്നീ രണ്ട് ഗവണ്‍മെന്റ് യു.പി സ്‌കൂളുകളെ അവശ്യ ഘട്ടത്തില്‍ സി.എഫ്.എല്‍.ടി.സികളാക്കാനായി ഏറ്റെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 15  പേര്‍ അടങ്ങിയ ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുന്നു. രണ്ട് ആംബുലന്‍സുകളുടെയും അഞ്ച് ഓട്ടോ-ടാക്‌സി കളുടെയും സേവനം ലഭ്യമാണ് എന്ന് സെക്രട്ടറി അരുണ്‍ അലക്‌സാണ്ടര്‍ പറഞ്ഞു.


പുനലൂര്‍ നഗരസഭാ പരിധിയില്‍ നഗരസഭയും കുടുംബശ്രീയും സപ്ലൈകോയും കൈകോര്‍ത്തു ഹോം ഡോര്‍   ഡെലിവറി സംരംഭം  ആരംഭിച്ചു. തുടക്കത്തില്‍ വിതരണ കേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ മാത്രമേ സേവനം ലഭിക്കു. ബന്ധപെടേണ്ട നമ്പര്‍ -പുനലൂര്‍ പീപ്പിള്‍സ് ബസാര്‍ : 0475 2231187, 9446106636 സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍-9497171157.


ഇത്തിക്കര ബ്ലോക്ക് പരിധിയിലുള്ള  ചാത്തന്നൂരില്‍ 30 കിടക്കകളും അനുബന്ധ സൗകര്യങ്ങളും സി.എഫ്.എല്‍.ടി.സിയില്‍ സജ്ജമാക്കിയിട്ടുണ്ട്.  ജാഗ്രതാ സമിതികള്‍ മുഖേന ബ്ലോക്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി  സെക്രട്ടറി അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K