05 May, 2021 07:27:50 PM
'നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ': പെൺകുട്ടിയോട് അശ്ലീലം സംസാരിച്ച യുവാവ് പിടിയില്‍
കൊല്ലം: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയോട് അശ്ലീലച്ചുവയിൽ സംസാരിച്ച യുവാവ് പിടിയില്‍. ലിജോ ജോയ് എന്നയാളെയാണ് കർണാടകയിലെ ഹൊസൂരില്‍നിന്ന് കൊല്ലം ചടയമംഗലം പൊലീസ് പിടികൂടിയത്. ഇവിടെ പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചടയമംഗലത്ത് എത്തിച്ച പ്രതിയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
യുവാവിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വീഡിയോ കേരളാ പൊലീസ് അവരുടെ ഔദ്യോഗിക പേജില്‍ രസകരമായ ട്രോളുകളോടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ' എന്ന കുറിപ്പോടെയാണ് പോലീസ് വീഡിയോ പഹ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലിജോ ജോയ് ലൈവ് വീഡിയോയിൽ പെൺകുട്ടിക്കെതിരെ അശ്ലീലച്ചുവയോടെ സംസാരിച്ചത്. കൂട്ടുകാരികള്‍ക്കൊപ്പം ലൈവ് വീഡിയോയില്‍ വന്ന പെണ്‍കുട്ടിയെയാണ് ഇയാൾ യാതൊരു പ്രകോപനവും കൂടാതെ അശ്ളീലം പറഞ്ഞത്. പെണ്‍കുട്ടിയുടെ കൂട്ടുകാരികളെക്കുറിച്ചും ഇയാള്‍ മോശമായി സംസാരിച്ചിരുന്നു.
മാത്രമല്ല, പൊലീസിനെ ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോയിലൂടെ വെല്ലുവിളിക്കുകയും മറ്റു പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ലൈവ് വീഡിയോയാണ് പൊലീസിന്‍റെ ശ്രദ്ധയിൽ എത്തിയത്. താന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിൽ ആണെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നുമാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിൽ ആവശ്യപ്പെട്ടത്. ലിജോ ജോയ് നടത്തിയ അശ്ലീല സംഭാഷണം പെൺകുട്ടി തന്നെ വീഡിയോയിൽ പങ്കുവെച്ചിരുന്നു. ഇയാള്‍ തന്നെ പലതവണ വീഡിയോ കോള്‍ വിളിക്കാന്‍ നോക്കിയതായി പെൺകുട്ടി പറഞ്ഞു.
വളരെ മോശം അർത്ഥത്തിലുള്ള മെസേജുകളും ഇയാൾ തനിക്ക് അയച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തി. പൊലീസ് ഇക്കാര്യത്തില്‍ നടപടിയെടുക്കുമോ എന്നറിയില്ലയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ കേരള പൊലീസ് ഇടപെടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ലിജോ ജോയിയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. അന്വേഷണത്തിൽ ഇയാൾ ഹൊസൂരിൽ ഉണ്ടെന്ന് കണ്ടെത്തി. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി, അഡീഷണല്‍ എസ്.പി. ഇ. എസ്. ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചടയമംഗലം എസ്. എച്ച്. ഒ. എസ്. ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹൊസൂരിൽനിന്ന് പ്രതിയെ പിടികൂടിയത്.