03 May, 2021 01:45:35 PM
ജയിച്ചയാൾ എംഎൽഎ; അതേ മണ്ഡലത്തിൽ തോറ്റയാൾ മന്ത്രി: ബാലകൃഷ്ണപിള്ളയുടെ വഴികള്‍
കൊട്ടാരക്കര: ജയിച്ചയാൾ എംഎൽഎയായി സഭയിലിരിക്കെ അതേ മണ്ഡലത്തിൽ തോറ്റയാൾ മന്ത്രിയാകുകയെന്ന അപൂർവതയും ആർ ബാലകൃഷ്ണ പിള്ളയ്‌ക്ക് സ്വന്തം. 1970 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണൻ തോൽപ്പിച്ചത് അദ്ദേഹത്തെ.1967ൽ സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ നായരോട് തോറ്റതിന്‍റെ പിന്നാലെയാണ് കൊട്ടറയോട് സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത തോൽവി.
1970ൽ സംഘടനാ കോൺഗ്രസ് മുന്നണിയിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായാണ് പിള്ള മത്സരിച്ചത്. എഴുത്തുകാരനും കവിയും അഭിനേതാവുമായ കൊട്ടറ ഐക്യമുന്നണി സ്ഥാനാർത്ഥി. 'ഗോലി കളിച്ച് നടക്കേണ്ട പയ്യൻ ' മുടിചൂടാമന്നനോട് മത്സരിക്കുന്നോ എന്നായിരുന്നു പ്രചാരണം. കൊട്ടറ, പിള്ളയെ 4677 വോട്ടിന് അട്ടിമറിച്ചു. 1969ൽ രാജ്യസഭാംഗത്വം രാജിവച്ച്, മുഖ്യമന്ത്രിയാകാൻ കൊട്ടാരക്കരയിൽ മത്സരിച്ച അച്യുതമേനോനോടാണ് പിള്ള ആദ്യം തോറ്റത്. 1972ൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ബാലകൃഷ്ണ പിള്ള, ഇപ്പോൾ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ളയെ പരാജയപ്പെടുത്തി.
ഇന്ദിരാഗാന്ധിയുടെ ഇടപെടലിനെതുടർന്ന് 1975 ഡിസംബർ 26ന് പിള്ള കേരളത്തിൽ ഗതാഗത- ജയിൽ- എക്‌സൈസ് മന്ത്രിയായി. അപ്പോൾ കൊട്ടറ സഭാംഗമായിരുന്നു. പിള്ള ആദ്യമായി മന്ത്രിയാകുന്നതും അന്ന്. കൊട്ടറയെ 1977ൽ കൊട്ടാരക്കയിൽ പിള്ള മൂന്നിരട്ടിയിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ (14155) തോൽപ്പിച്ച് മധുരമായി പകരംവീട്ടിയതും ചരിത്രം. കൊട്ടറയ്ക്ക് പിന്നീടൊരു തെരഞ്ഞെടുപ്പിലും ജയിക്കാനായതുമില്ല.
റെക്കോർഡുകൾ തീർത്ത നേതാവ്
# 1960ൽ പത്തനാപുരത്തുനിന്നും ആദ്യമായി എംഎൽഎയായത് 25–ാം വയസ്സിൽ.
# സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സാമാജികൻ.
# 1975 ഡിസംബർമുതൽ 76 ജൂൺവരെ സി അച്ച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗതം, എക്സൈ്സ്, ജയിൽ മന്ത്രിയായിരിക്കെ പഞ്ചായത്തംഗവും.
# 1967 മുതൽ തുടർച്ചയായി 26 വർഷം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്. 11വർഷം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ്.
# കൂറുമാറ്റ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികൻ.
# യുഡിഎഫിന്റെ സ്ഥാപകാംഗം. സി അച്ച്യുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി എന്നിവർക്കൊപ്പം മന്ത്രിസഭയിൽ.
# അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രി. ഇടമലയാർ കേസിൽ ഒരു വർഷത്തേക്ക് ശിഷിക്കപ്പെട്ടെങ്കിലും 69 ദിവസത്തിനുശേഷം (കൂടെ പരോളും ചികിത്സാകാലവും പരിഗണിച്ചു)കേരളപിറവിയോടനുബന്ധിച്ച് ശിക്ഷാകാലാവധി ഇളവുചെയ്ത് വിട്ടയക്കപ്പെട്ടു.
# 1980ൽ കൊട്ടാരക്കരയിൽനിന്നും ലഭിച്ച 37,000 വോട്ടിന്റെ ഭൂരിപക്ഷം കാൽനൂറ്റാണ്ട് കേരളത്തിലെ റെക്കോർഡ് ആയിരുന്നു.