23 April, 2021 09:41:25 PM
ആടിനെ വിറ്റ് കൈത്താങ്ങായി വീണ്ടും സുബൈദ; ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ നൽകി
കൊല്ലം: മഹാപ്രളയ കാലത്ത് സ്വന്തം ജീവിത മാർഗമായിരുന്ന ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ആളാണ് കൊല്ലം സ്വദേശിനി സുബൈദ. അന്ന് ആടിനെ വിറ്റു കിട്ടിയ തുകയാണ് സുബൈദ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പിന്നീട് കോവിഡ് മഹാമാരി പിടിമുറുക്കിയ കഴിഞ്ഞ ലോക്ക്ഡൌൺ കാലത്തും സുബൈദ സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകിയിരുന്നു. ഇപ്പോഴിതാ, വീണ്ടും ഒരിക്കൽ കൂടി ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് സുബൈദ.
5000 രൂപയാണ് ഇത്തവണ നല്‍കിയത്. കഴിഞ്ഞവര്‍ഷം കോവിഡ് പിടിമുറുക്കിത്തുടങ്ങിയപ്പോള്‍ പ്രാരബ്ധങ്ങള്‍ മറന്ന്, ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവര്‍ നല്‍കിയിരുന്നു. സംസ്ഥാനത്തെ വാക്‌സിന്‍ക്ഷാമം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് തുക നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സുബൈദ പറയുന്നു. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയും ആടിനെ വളർത്തിയുമാണ് സുബൈദ ഉപജീവനം നടത്തുന്നത്.
ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം. 2020ൽ ആടിനെ വിറ്റു കിട്ടയ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുബൈദ നൽകിയത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് പിന്നീട് അവർക്ക് അഞ്ചു ആടുകളെ സമ്മാനമായി ലഭിക്കുകയും ചെയ്തിരുന്നു. അതിൽ ഒരു ആടിനെയാണ് അവർ ഇപ്പോൾ വിറ്റത്. ആടിനെ വിറ്റുകിട്ടിയ തുക ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് അവര്‍ നേരിട്ട് കൈമാറി. ബാക്കി വന്ന തുകയില്‍നിന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ വീതം അരിയും സാമ്പത്തികസഹായവും നല്‍കുമെന്ന് സുബൈദ അറിയിച്ചു.