11 April, 2021 10:02:02 PM


മീഡിയനും സിഗ്നലും ഇല്ല: കൊല്ലത്ത്‌ ആറുവരിപ്പാത നിർമാണം ആഗസ്‌തിൽ തുടങ്ങും



കൊല്ലം: ജില്ലയിൽ ദേശീയപാത 66 –ന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആഗസ്‌തിൽ ആരംഭിക്കും. 29 മീറ്ററിലാണ്‌ ആറുവരിപ്പാതയുടെ ടാറിങ്‌. 7.5 മീറ്ററിൽ ഇരുവശവും സർവീസ്‌ റോഡുണ്ടാകും. ആകെ 45 മീറ്ററിലാണ്‌ ദേശീയപാത 66. സർവീസ്‌ റോഡിലാണ് ഇടറോഡുകൾ വന്നുചേരുക‌. അടിപ്പാതകളുമായാണ് ഈ സർവീസ്‌ റോഡിനെ ബന്ധിപ്പിച്ചിട്ടുള്ളത്‌. ഇടറോഡിൽ നിന്നുള്ള വാഹനങ്ങൾ പ്രധാനപാതയിലേക്ക്‌ അടിപ്പാതയിലൂടെയാണ്‌ കയറുക. അടിപ്പാതയും ഫുട്‌ഓവർ ബ്രിഡ്‌ജും എവിടെയൊക്കെ എന്നതിൽ ഇനിയും മാറ്റങ്ങൾക്കു‌ സാധ്യതയുണ്ട്‌. മീഡിയനും സിഗ്നലും ഇല്ലാതെയാണ്‌ ആറുവരിപ്പാത.
 
തുറവൂർ മുതൽ കഴക്കൂട്ടം വരെ 173 കി-ലോ-മീ-റ്ററിലാണ്‌ ദേശീയപാത 66ന്റെ വികസനം നടക്കുന്നത്‌. തുറവൂർ മുതൽ പറവൂർ വരെ ഒന്നാംഘട്ട റീച്ചും പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെ രണ്ടാംറീച്ചും, കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ (കാവനാട്‌) വരെ മൂന്നാം റീച്ചും, കൊല്ലം ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെ നാലാം റീച്ചും, കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ അഞ്ചാം റീച്ചുമായാണ്‌ ദേശീയപാത നിർമാണം. ചുരുങ്ങിയത്‌ രണ്ടുവർഷമെങ്കിലും നിർമാണം പൂർത്തിയാക്കാൻ‌  വേണ്ടിവരും. ജില്ലയിൽ മൂന്നും നാലും റീച്ചുകളാണ്‌ കടന്നുപോകുന്നത്‌.
 
ഇതിന്റെ ഭാഗമായി നീണ്ടകര, ഇത്തിക്കര, ചവറ പാലങ്ങൾ പൊളിച്ചുമാറ്റും. നീണ്ടകര പാലം നിലനിർത്തി ഇരുവശങ്ങളിലും പുതിയ പാലം നിർമിക്കുന്നതും പരിഗണനയിലാണ്‌. അങ്ങനെവന്നാൽ നീണ്ടകരയിലെ പഴയ പാലം അടച്ചിടും. ചവറയിലും പാരിപ്പള്ളിക്കും കടമ്പാട്ടുകോണത്തിനും ഇടയില്‍ ടോൾ പ്ലാസയും ദേശീയപാത അതോറിറ്റി നിർദേശിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K