23 March, 2021 07:33:34 PM
പ്രകൃതി സൗഹാര്‍ദ തിരഞ്ഞെടുപ്പ്: പാലക്കാട് ഹരിത മാതൃകാ പോളിങ് ബൂത്ത് ഒരുങ്ങി
പാലക്കാട്: പ്രകൃതി സൗഹാര്‍ദ തിരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി സൗഹാര്‍ദ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യകതയും വേണ്ട മാര്‍നിര്‍ദേശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഹരിത മാതൃകാ ബൂത്ത് ഒരുക്കിയത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട രണ്ടുപേരാണ് തണ്ണീര്‍പന്തല്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ബൂത്തില്‍ വാളണ്ടിയര്‍മാരായിട്ടുള്ളത്. വോട്ടിങ് യന്ത്രം പരിചയപ്പെടുന്നതിനും ബൂത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വുഡ്, ഓല, കയര്‍ തുടങ്ങി പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് മാതൃക പോളിംഗ് ബൂത്ത് നിര്‍മിച്ചിരിക്കുന്നത്. മണ്‍പാത്രത്തില്‍ കുടിവെള്ളം, വുഡ് നിര്‍മ്മിതമായ ടേബിള്‍, ക്ലോക്ക് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മുളയില്‍ നട്ടുവളര്‍ത്തിയ ചെടികളാല്‍ അലങ്കാരിച്ചാണ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍, ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങളും പ്രകൃതി സൗഹാര്‍ദ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന ലഘുലേഖ, പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ ബൂത്തില്‍ വിതരണം ചെയ്യുന്നുണ്ട്. ഏപ്രില്‍ അഞ്ച് വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും. കലാകാരനും സിനിമ പ്രവര്‍ത്തകനുമായ സബീഷാണ് മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കിയത്. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.ജി അഭിജിത്ത്, സ്വീപ് നോഡല്‍ ഓഫീസര്‍ എം.അനില്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഹരിത തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനിലെ മാലിന്യം നീക്കാന്‍ ഹരിതസേന
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍മ്മ സേനയെ ഏര്‍പ്പാടാക്കുകയും പോളിംഗ് ബൂത്തുകളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് വാഹന സൗകര്യമൊരുക്കുകയും ചെയ്യും.
ബയോമെഡിക്കല്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ്ങിനായി നോഡല്‍ ഓഫീസറുടെ സഹായത്തോടെ ഇലക്ട്രൈസസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. പോളിംഗ് ബൂത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസുകള്‍, മാസ്‌ക്, സാനിറ്റൈസര്‍, ഫെയ്സ്ഷീല്‍ഡ് തുടങ്ങിയവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വിതരണം ചെയ്യുക. പോളിംഗ് ബൂത്തുകളില്‍ ജൈവ - അജൈവ മാലിന്യ ശേഖരത്തിനായി മൂന്നുകവറുകള്‍/പ്ലാസ്റ്റിക് ബക്കറ്റ് എന്നിവയും സ്ഥാപിക്കും.
പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും സ്റ്റീല്‍ പത്രങ്ങളിലോ മറ്റു പാത്രങ്ങളിലോ ഭക്ഷണം കൊണ്ടുവരണം. പോളിംഗ് സ്റ്റേഷനുകളില്‍ ഭക്ഷണ വിതരണത്തിനായി ഇലയോ അലുമിനിയം ഫോയിലോ ഉപയോഗിക്കണം. അലുമിനിയം ഫോയില്‍ ഉപയോഗശേഷം വൃത്തിയാക്കി അവിടെ സ്ഥാപിച്ച പ്രത്യേക ബിന്നില്‍ നിക്ഷേപിക്കണം. വോട്ടര്‍മാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലൗസ് പോലെയുള്ള അജൈവ മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ചിട്ടുളള പ്രത്യേക ബിന്നിലാണ് നിക്ഷേപിക്കേണ്ടത്.
ബയോ മെഡിക്കല്‍ വേസ്റ്റുകളുടെ നിര്‍മാര്‍ജനം
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബയോമെഡിക്കല്‍ വേസ്റ്റുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ ബയോ ഹസാര്‍ഡ് ചിഹ്നമുള്ള മഞ്ഞ കവറുകള്‍ സ്ഥാപിക്കും. പോളിംഗ് ഓഫീസര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍, അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് രോഗികളിലെത്തുമ്പോഴുള്ള പോളിംഗ് ഏജന്റുമാര്‍, പി.പി.ഇ കിറ്റ് ധരിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ വേസ്റ്റുകള്‍ മഞ്ഞ കവറുകളില്‍ നിക്ഷേപിക്കണം.
ഹരിത കര്‍മ്മസേനാംഗങ്ങള്‍ ബയോമെഡിക്കല്‍ വേസ്റ്റ് സുരക്ഷിതമായി സൂക്ഷിച്ച് ആരോഗ്യവകുപ്പ് കണ്ടെത്തിയ ഇടത്തേക്ക് ഹരിത കര്‍മ്മ സേനകള്‍ എത്തിക്കും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറും റീജിയണല്‍ ജോയിന്റ് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് പോളിംഗ് ബൂത്തുകള്‍ക്ക് അടുത്തുള്ള ഇമേജ് കളക്ഷന്‍ സെന്ററുകള്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് കൈമാറും.
പോളിംഗ് സ്റ്റേഷനുകളിലെ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ബൂത്ത്ലെവല്‍ നോഡല്‍ ഓഫീസര്‍ മുഖേനയാണ് പരിശീലനം നല്‍കുക.