22 November, 2023 10:01:35 AM
മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഹന്നത്തിന്‍റെ ഭർത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയതെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.