04 November, 2023 10:30:39 AM


പട്ടാമ്പി ഇരട്ടക്കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി



പാലക്കാട്: പട്ടാമ്പി തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അൻസാർ, കബീർ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കഴുത്തിന് വെട്ടേറ്റ നിലയില്‍ അന്‍സാര്‍ ആശുപത്രിയിലെത്തുകയും വിദ​ഗ്ധ ചികിത്സ ലഭിക്കുന്നതിന് മുമ്പ് മരണപ്പെടുകയുമായിരുന്നു. ഒരു ദിവസത്തിനിപ്പുറം കബീറിന്‍റെ മൃതദേഹം ഭാരതപ്പുഴയില്‍ വെട്ടേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.

പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഉറ്റസുഹൃത്ത് മുസ്തഫയാണെന്ന് അൻസാർ ആശുപത്രി അധികൃതർക്ക് മൊഴി നൽകിയിരുന്നു. 

അൻസാറിന്‍റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് കൂട്ടത്തിലൊരാളായ കബീറിനായുള്ള തിരച്ചിലും പൊലീസ് ഊർജിതപ്പെടുത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ ഇന്നലെ ഭാരതപ്പുഴയിൽനിന്നും കബീറിന്‍റെ മൃതദേഹം ലഭിക്കുകയും ചെയ്തു. മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ്  നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസ്‌ പിടികൂടുമ്പോൾ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K